എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന കേസില്‍ ദൃശ്യം’ സിനിമ മോഡലില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമം നടന്നു. പ്രതികളെ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചത് കൊല്ലപ്പെട്ട അര്‍ജുന്റെ സുഹൃത്തുക്കളെന്ന് ബന്ധുക്കള്‍ പറയുന്നു. സംശയം തോന്നിയവരെ ചോദ്യം ചെയ്ത അര്‍ജുനന്റെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളായ നിപിന്റെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുന് സാരമായി പരുക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അര്‍ജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.