മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് ഫ്ലാറ്റുടമകൾ. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി നൽകിയ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണ്. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. ഫ്ലാറ്റ് പൊളിക്കേണ്ടി വന്നാല്‍ ആത്മഹത്യയല്ലാതെ വേറെ വ‍ഴിയില്ലെന്നാണ് ഉടമകള്‍ അതിവൈകാരികതയോടെ പ്രതികരിച്ചത്.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്നാണ് ഫ്ലാറ്റുടമകളുടെ വാദം. ജില്ലാ കളക്ടറും മുന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശസ്വയംഭരണ സെക്രട്ടറിയും അടങ്ങുന്ന കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഫ്ലാറ്റിലെ താമസക്കാരുടെ വിവരങ്ങൾ നൽകിയതിൽ ഉൾപ്പടെ വീഴ്ചയുണ്ടായി. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിപ്രകാരം 5 ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്പോള്‍ നാനൂറോളം പേര്‍ക്കാണ് താമസസ്ഥലം നഷ്ടമാകുക. ഒരു മനുഷ്യായുസ്സ് കൊണ്ട് കെട്ടിപ്പടുത്തവ പൊളിച്ചുനീക്കുന്പോള്‍ നിയമത്തിനുമപ്പുറം മനുഷ്യത്വത്തിന് വില നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.