സംസ്ഥാന സർക്കാരിനെതിരെ 18നു സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ്. കേന്ദ്ര ബജറ്റിനെതിരെ സമരംചെയ്യാത്ത യുഡിഎഫ് കാവിപക്ഷ ചായ്വാണ് പ്രകടമാക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശകലനം…

സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയറ്റ് നടയിൽ ജനപ്രതിനിധികളുടെ സത്യഗ്രഹസമരം 18നു നടത്തുമെന്ന് യുഡിഎഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. നെടുങ്കണ്ടം സംഭവം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിക്കുന്നത്. സമരം നടത്താൻ കോൺഗ്രസിനും യുഡിഎഫിനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, സംസ്ഥാനം ഭരിച്ച കാലങ്ങളിലെല്ലാം ലോക്കപ്പ് കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ സ്വീകരിച്ച നിലപാടുകൾ എന്തൊക്കെയെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും എട്ട് ലോക്കപ്പ് കൊലപാതകങ്ങളുണ്ടായി. പക്ഷേ, ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിന് ഒരു താൽപ്പര്യവും യുഡിഎഫ് കാട്ടിയിട്ടില്ല.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യയും അമ്മയും നിയമസഭാ ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. സർക്കാർ ഒപ്പമുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എഎസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ്ട ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിന് മധ്യേ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. ലോക്കപ്പുകളെ ഒരു കാരണവശാലും കൊലയറകളാക്കാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ല. ഈ നയത്തിന്റെ ഭാഗമായാണ് നെടുങ്കണ്ടം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുകയും റിട്ട. ജസ്റ്റിസ് കെ നാരായണക്കുറുപ്പിനെ കമീഷനായി നിയമിക്കുകയും ചെയ്തത്. അന്വേഷണവിഷയങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ഇങ്ങനെ രാജ്കുമാറിന്റെ കുടുംബത്തിന് മുഖ്യമന്ത്രി നൽകിയ വാക്ക് അക്ഷരംപ്രതി നടപ്പാക്കുകയാണ്. ഇതെല്ലാം രാഷ്ട്രീയാന്ധതയില്ലാത്ത ആർക്കും മനസ്സിലാകും.

എന്നിട്ടും അതെല്ലാം മറന്ന് എൽഡിഎഫ് സർക്കാർ വിരുദ്ധ രാഷ്ട്രീയസമരത്തിന് യുഡിഎഫ് ഇറങ്ങിയ സന്ദർഭമാണ് പ്രധാനം. ജനവിരുദ്ധ ബജറ്റ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച സമയമാണിത്. അതുപോലെ ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലെത്തിയ കർണാടകത്തിലെ കോൺഗ്രസ് ‐ജെഡിഎസ്െ സർക്കാരിനെ കേന്ദ്രഭരണത്തിന്റെ ഇടപെടലിലൂടെ അട്ടിമറിക്കാൻ ബിജെപിയും മോഡി സർക്കാരും മറനീക്കി രംഗത്താണ്. മറ്റൊരു വശത്ത് രണ്ടാം മോഡി സർക്കാരിന്റെ വരവോടെ ആൾക്കൂട്ടക്കൊലപാതകങ്ങൾ വിപുലമായിരിക്കുകയാണ്. ഇതിനെല്ലാം മുന്നിൽ കണ്ണടച്ച്, കേരളത്തിൽ എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയസമരത്തിന് കോൺഗ്രസും മുസ്ലിംലീഗും നയിക്കുന്ന യുഡിഎഫ് ഇറങ്ങിയിരിക്കുന്നത് രാഷ്ട്രീയ നെറികേടാണ്.

പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാനത്ത് ജൂലൈ ഒമ്പതിന് 2000 കേന്ദ്രത്തിലാണ് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്. എണ്ണവില കുറയ്ക്കുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ഒന്നാം മോഡി സർക്കാർ 2014‐19 കാലയളവിൽ പെട്രോൾ‐ഡീസൽ വിലയിൽ സമാഹരിച്ചത് 10 ലക്ഷം കോടി രൂപയിലേറെയാണ്. രണ്ടാം മോഡി സർക്കാർ അധികാരത്തിലേറി ആഴ്ചകൾക്കുള്ളിൽ ലിറ്ററിന് മൂന്നു രൂപ ഇന്ധനവില കൂട്ടി. ഇതിന്റെ ഫലമായി നിത്യോപയോഗസാധനങ്ങൾക്ക് വില വർധിക്കും. 136 കോടി ജനങ്ങളുള്ള രാജ്യത്തെ ആശങ്കപ്പെടുത്തുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കന്നി ബജറ്റ്. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം. എന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയില്ല. സ്വയംതൊഴിൽ കണ്ടെത്തൂ എന്ന ഉപദേശമാണ് ബജറ്റിൽ.

ദരിദ്രരെയും കർഷകരെയും പരിഗണിക്കാത്ത ബജറ്റ്

ഗാവ്, ഗരീബ്, കിസാൻ എന്ന മുദ്രാവാക്യം ബജറ്റിൽ മുഴക്കിയെങ്കിലും ഗ്രാമവും ദരിദ്രരും കർഷകരും പരിഗണനയ്ക്കു പുറത്താണ്. ബജറ്റിന്റെ ഊന്നൽ കോർപറേറ്റ് മേലാളർക്കാണ്. സീറോ ബജറ്റ് ഫാമിങ്ങാണ് കർഷകർക്കുള്ള ഉപദേശം. സ്വന്തം പാടം, ഒഴുകിയെത്തുന്ന വെള്ളം, പശു നൽകുന്ന ചാണകവും മൂത്രവും ഇവയെല്ലാം ഉപയോഗിച്ച് കൃഷിചെയ്യുക. അത്യുൽപ്പാദനശേഷിയുള്ള വിത്ത് വാങ്ങണ്ട, പണം കൊടുത്ത് വളംവാങ്ങി ഉപയോഗിക്കണ്ട, കീടനാശിനി വേണ്ട ‐ ഇങ്ങനെയൊക്കെ ചെയ്താൽ കൃഷിക്കുവേണ്ടി പണം ചെലവാക്കേണ്ടിവരില്ല. ഇങ്ങനെ പഴയകാല കൃഷിരീതിയിലേക്ക് തിരിച്ചുപോകാനും പണം ചെലവാക്കാതെ കൃഷിചെയ്ത് നഷ്ടം ഒഴിവാക്കാനുമാണ് നിർദേശം. കടക്കെണിയിലായ കോടിക്കണക്കിനു കർഷകരെ രക്ഷിക്കുന്നതിനുള്ള കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിലില്ല. വ്യവസായമാന്ദ്യവും നാലരപ്പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന തോതിലായി. വാഹനവിൽപ്പന കഴിഞ്ഞ 18 വർഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിർമാണമേഖല തകർച്ചയിലാണ്. ഏഴ് പ്രധാന നഗരത്തിൽ പണി പൂർത്തിയാക്കിയ വീടുകളോ ഫ്ളാറ്റുകളോ വാങ്ങാൻ ആളില്ല. സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച്, അതിനെ മറികടക്കാനുള്ള പാക്കേജ് തയ്യാറാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

കേന്ദ്ര വരുമാനം കൂട്ടാൻ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നു

ലോകത്തെ ആറാം സമ്പദ്ഘടനയായി ഇന്ത്യയെ എത്തിക്കുമെന്നാണ് പ്രഖ്യാപനം. അതിനുള്ള നയമാകട്ടെ സാമ്പത്തിക മേഖലയിൽനിന്നുള്ള സർക്കാരിന്റെ വൻതോതിലുള്ള പിന്മാറ്റമാണ്. മിശ്രസമ്പദ്ഘടന എന്ന പ്രതീതിയിൽനിന്നും പൂർണമായി സ്വകാര്യമേഖലയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയിലേക്ക് മാറുന്നു. എയർ ഇന്ത്യ ഉൾപ്പെടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദേശങ്ങളാണുള്ളത്. പൊതുമേഖലയെ വിറ്റുതുലച്ച് 1.05 ലക്ഷം കോടി രൂപ നേടാനാണ് തീരുമാനം. ഇതിൽ ബിജെപി പക്ഷത്തെ തൊഴിലാളി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധിച്ചിട്ടുണ്ട്. ബൃഹത്തായ വിപണിയും ചെറുപ്പക്കാരുടെ സംഖ്യാവലുപ്പവും നമ്മുടെ ശക്തിയാണ്. ഇതുമായി കൂട്ടിയിണക്കിയാണ് “മേക്ക് ഇൻ ഇന്ത്യ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി നേരത്തെ ഉയർത്തിയത്. അത് പരാജയപ്പെട്ടു. എട്ടു ശതമാനം വാർഷികവളർച്ച ലക്ഷ്യമായി കാണുന്നു. വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, അതിനുവേണ്ടി തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുക, നികുതി നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. പക്ഷേ, ഗ്രാമീണർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെയും തൊഴിലെടുക്കുന്നവരുടെയും ക്രയശേഷി വർധിപ്പിച്ചാലേ വ്യാവസായിക ഉൽപ്പാദനം വർധിപ്പിക്കാനും കാർഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താനും കഴിയൂ. അമേരിക്കൻ സാമ്രാജ്യത്വ അനുകൂല നയങ്ങളും കോർപറേറ്റ് സംരക്ഷണവും പ്രതിഫലിക്കുന്നതാണ് ബജറ്റ്. നിസ്സഹകരണാത്മക ഫെഡറിലിസമാണ് മറ്റൊരു വിപത്ത്.

പൊതുജനങ്ങളിൽനിന്നും ഇന്ധന സെസ്സിലൂടെ അടക്കം കേന്ദ്രം വൻതോതിൽ ധനസമാഹരണം നടത്തുന്നു. പക്ഷേ, സംസ്ഥാനങ്ങൾക്ക് വരുമാനഫലം കിട്ടുന്നില്ല. കേന്ദ്ര വരുമാനം കൂട്ടാൻ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നു. ഇപ്രകാരം കേരളത്തിനു മാത്രം 6000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തെ സർവതലങ്ങളിലും ദ്രോഹിക്കുന്നതാണ് കേന്ദ്ര ബജറ്റ്. അതിന്റെ പട്ടിക മുഖ്യമന്ത്രി പിണറായി വിജയൻ നിരത്തിയിട്ടുണ്ട്. പ്രളയാനന്തര പുനർനിർമാണത്തോടു പോലും പുറംതിരിഞ്ഞുനിൽക്കുകയാണ്. പരമ്പരാഗത വ്യവസായമേഖലയ്ക്ക് തിരിച്ചടിയാണ്. നമുക്ക് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടും എയിംസും ഇല്ല. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളം നേടിയ പുരോഗതി കേന്ദ്രവിഹിതം നിഷേധിക്കാനുള്ള മുട്ടാപ്പോക്ക് കാരണമായി.

രാജ്യത്തെ നശിപ്പിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ കേന്ദ്ര സർക്കാരിനു മുന്നിലോ, രാജ്ഭവൻ കവാടത്തിലോ സമരംചെയ്യാൻ തയ്യാറാകുന്നതിനു പകരം സെക്രട്ടറിയറ്റിന് മുന്നിലെത്തി എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്യുന്നതിലൂടെ യുഡിഎഫ് അതിന്റെ കാവിപക്ഷ ചായ്വ് പ്രകടമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News