അമൃത് പദ്ധതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് കോഴിക്കോട് കോർപ്പറേഷൻ. കൺസൾട്ടൻസിയായി രാം ബയോളജിക്കൽസിനെ തീരുമാനിച്ചത‌് കൗൺസിൽ യോഗ തീരുമാന പ്രകാരമെന്ന‌് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

മലിനജല സംസ്ക്കരണ പ്ലാന്റ് വരാതിരിക്കാനാണ് യു ഡി എഫ്, വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് കോർപ്പറേഷൻ ഭരണസമിതി അറിയിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ അമൃത് പദ്ധതിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും നിയമപ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാണ് പ്രവൃത്തി കരാർ നൽകുന്നതിലേക്ക് എത്തിയതെന്നും ഭരണസമിതി വ്യക്തമാക്കി. സ്വീവറേജ് സെക്ടറിൽ രണ്ട് പദ്ധതികളാണ് നടപ്പാക്കുന്നത്.

2017 ഓക‌്ടോബർ 24ന‌് ചേർന്ന കൗൺസിൽ യോഗമാണ‌് ഇത‌് സംബന്ധിച്ച‌് തീരുമാനമെടുത്തത‌്. മെഡിക്കൽ കോളജിൽ മലിനജല സംസ‌്കരണ പ്ലാന്റ‌് ആണ‌് ഇതിൽ പ്രധാനം. ശുചിത്വ മിഷൻ എംപാനലിൽ ഉൾപ്പെട്ട രണ്ട‌് കമ്പനികളിൽ കുറഞ്ഞ നിരക്ക‌് രേഖപ്പെടുത്തിയ രാം ബയോളജിക്കൽസ‌ിനെ തിരഞ്ഞെടുക്കുകയായിരുന്നു.

രാം ബയോളജിക്കൽസ‌് തയ്യാറാക്കിയ വിശദ പദ്ധതി രേഖയ്ക്ക് 2017 ഒക‌്ടോബർ 31ന‌് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള അമ്യത് സംസ്ഥാനതല ഉന്നതാധികാരസമിതി ഭരണാനുമതി നൽകി. നഗരത്തെ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഭരണനേതൃത്വം കൊണ്ട‌് വരുമ്പോൾ അത‌് രാഷ‌്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുമെന്ന ഭയം കൊണ്ടാണ‌് പ്രതിപക്ഷം എതിർപ്പ‌് ഉന്നയിക്കുന്നത‌്. വിവാദങ്ങൾ ഉണ്ടാക്കി പദ്ധതി നടപ്പാവാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

ബയോളജിക്കൽ പ്രക്രിയയിലുടെ ആശുപത്രയിൽ നിന്നും വരുന്ന മലിനജലം സംസ‌്കരിക്കുവാൻ കഴിയുമോ എന്ന‌് ചിലർ സംശയം ഉന്നയിച്ചപ്പോൾ ഇലക‌്ട്രോലൈറ്റിക‌് പ്രവർത്തനത്തിലൂടെ സാധ്യമാകുമെന്ന് വ്യക്തമാവുകയായിരുന്നു.

കേരളത്തിൽ ഒരു സ്വകാര്യ കമ്പനി തന്നെ 88 ഇലക്ട്രോ ലൈറ്റിക് ട്രീറ്റ്മെന്റ് പ്ലാന്റ് കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു. മെഡിക്കൽ കോളജിലെ പദ്ധതിക്കായുള്ള കരാറുകാരെ കണ്ടെത്തുന്നതിനുള്ള ടെൻഡർ വിളിച്ചിരുന്നു. ഈ മാസം 26ന‌് ടെൻഡർ തുറക്കുമെന്നും മേയർ അറിയിച്ചു.