രാഹുൽ ഗാന്ധി എംപി യുടെ അനുമതി വാങ്ങാതെ അഗസ്ത്യൻമൂഴി- കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിൽ അദ്ദേഹത്തെ മുഖ്യാതിഥിയാക്കിയെന്ന വിവാദത്തിനിടെ പരിപാടിക്ക് ക്ഷണിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി അയച്ച കത്ത് പുറത്തു വന്നു. ജോർജ് എം തോമസ് എംഎൽഎയ്ക്ക് അയച്ച കത്തിലാണ് രാഹുൽ ഗാന്ധി പരിപാടിക്ക് തന്നെ ക്ഷണിച്ചതിൽ നന്ദി പറയുന്നത്. ജോർജ് എം തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ കത്ത് പുറത്ത് വിട്ടത്.

തിരുവമ്പാടി മണ്ഡലത്തിലെ സെൻട്രൽ റോഡ് ഫണ്ട് പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങിന്റെ ബോർഡിൽ രാഹുൽഗാന്ധിയുടെ ഫോട്ടോ വെച്ചത് കോൺഗ്രസിലെ ചിലർ വിവാദമാക്കിയിരുന്നു. എം പി യെ ക്ഷണിക്കാതെ അപമാനിച്ചു എന്ന അഭ്യൂഹം പരത്തിയായിരുന്നു നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം.

മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകൻ ജി. സുധാകരുനുമൊപ്പം വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസുകാർ വിവാദമാക്കിത്. എം.എൽ.എ യെക്കൂടാതെ പി.ഡബ്ലി.യു.ഡി എഞ്ചിനീയറും തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി രാഹുൽ പറഞ്ഞു.ചടങ്ങിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ അപ്രതീക്ഷിതമായ ഒരു ആവശ്യം വന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് രാഹുൽ കത്തിൽ പറയുന്നു. പദ്ധതി പൂർത്തീകരിച്ചതിൽ രാഹുൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നാളെയാണ് റോഡ് ഉദ്ഘാടനം, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.