നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് വന്‍ വിദേശ നാണയ വിനിമയ വെട്ടിപ്പ് പിടികൂടി.15 കോടി രൂപയുടെ തട്ടിപ്പാണ് കൊച്ചി എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്.വിമാനത്താവളത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ നാണയ വിനിമയ സ്ഥാപനത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ റിസര്‍വ്വ് ബാങ്കിന് കസ്റ്റംസ് കത്ത് നല്‍കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.നോണ്‍ റസിഡന്‍റ് ഇന്ത്യക്കാര്‍ക്കും വിദേശ യാത്രക്കാര്‍ക്കും നാണയ വിനിമയം നടത്തിക്കൊടുക്കുന്നതിലാണ് വെട്ടിപ്പ് നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയത്.ഒരു പാസ്പോര്‍ട്ടില്‍ പരമാവധി 25000 രൂപ വരെ മാത്രമെ മാറ്റി നല്‍കാവൂ എന്നാണ് നിയമം എന്നിരിക്കെ ഈ പരിധി ലംഘിച്ച് രണ്ടായിരത്തോളം ഇടപാടുകള്‍ നടത്തുകയും ഇതു വ‍ഴി 15 കോടിയോളം രൂപയുടെ വെട്ടിപ്പ് ഈ സ്വകാര്യ സ്ഥാപം നടത്തിയതായും കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളുടെയും ഫെമ നിയമത്തിന്‍റെയും ലംഘനമാണിത്.ഈ സാഹചര്യത്തില്‍ ഈ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് റിസര്‍വ്വ് ബാങ്കും അന്വേഷണം തുടങ്ങിയിട്ടുണ്ട്.വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാ പരിശോധനയും ക‍ഴിഞ്ഞ് യാത്രക്കാര്‍ വിശ്രമിക്കുന്ന മേഖലയിലാണ് ഇത്തരം നാണയ വിനിമയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പരിശോധനകള്‍ കുറവാണ് എന്ന ആനുകൂല്യം മുതലെടുത്താണ് ഏജന്‍സി തട്ടിപ്പ് നടത്തിയതായി കരുതപ്പെടുന്നത്.വെട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയിലും മറ്റ് വിമാനത്താവളങ്ങള്‍ കേന്ദീകരിച്ചും പരിശോധന കര്‍ശനമാക്കാനാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ തീരുമാനം.