നയിക്കാൻ കണ്ടെത്തിയയാള്‍ സംഘടനയെ തകര്‍ത്തു; ടി എൻ പ്രതാപനെതിരെ മുതിർന്ന നേതാക്കൾ

തൃശൂർ ജില്ലയിലെ കോൺഗ്രസിനെ ഒരുമിപ്പിച്ച‌് നയിക്കാൻ കെപിസിസി കണ്ടെത്തിയ ടി എൻ പ്രതാപൻ സംഘടനയെ തകർത്തതായി മുതിർന്ന നേതാക്കൾ. ഗ്രൂപ്പു ഭേദമെന്യേ ഇക്കാര്യത്തിൽ ഏകാഭിപ്രായമുള്ള പല നേതാക്കളും സംസ്ഥാന നേതൃത്വത്തിന‌് പരാതി നൽകാനൊരുങ്ങുന്നു.

സ്വന്തം താൽപ്പര്യത്തിന‌് സംഘടനയെ ഉപയോഗിക്കുക മാത്രമല്ല, സാമ്പത്തികമായി പോലും ആക്ഷേപമുന്നയിക്കുകയാണ‌് മുതിർന്ന നേതാക്കൾ. ഡിസിസി പ്രസിഡന്റ‌ായ പ്രതാപൻ എംപിയാവാൻ നടത്തിയ കരുനീക്കങ്ങളാണ‌് കോൺഗ്രസിനെ ഇത്രത്തോളം തകർച്ചയിലേക്കെത്തിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കെപിസിസിക്ക‌് ജില്ലയിലെ ഒരു മുതിർന്ന നേതാവ‌്‌ പരാതി നൽകിയതായാണ്‌ ബന്ധപ്പെട്ടവർ നൽകുന്ന സൂചന.

ചുമതലയേറ്റെടുത്ത ശേഷം ജില്ലയിലെ നേതാക്കളെ പലരേയും അകറ്റി നിർത്താൻ തുടങ്ങിയ പ്രതാപൻ തന്റെ ചുറ്റും ഒരു ഉപജാപകവൃന്ദത്തെ വളർത്തിയത്രെ. പത്ത‌് വർഷം എംഎൽഎ ആയിരുന്ന കാലത്ത‌് ഡിസിസി ഓഫീസിലേക്ക‌് കടക്കാതിരുന്ന പ്രതാപൻ ഡിസസി പ്രസിഡന്റായതോടെ മുതിർന്ന നേതാക്കളെ അവഗണിച്ചു. പാർടി പരിപാടികളിൽ എത്തുന്ന മണ്ഡലം പ്രസിഡന്റുമാരുടെ ഹാജർ രേഖപ്പെടുത്താൻ തുടങ്ങി. ഇത‌് തങ്ങളെ ആക്ഷേപിക്കലാണെന്ന‌് അവർ ചൂണ്ടിക്കാട്ടി, പ്രതിഷേധിച്ചു.

ഏകപക്ഷീയമായിരുന്നു പ്രതാപന്റെ തീരുമാനങ്ങൾ പലതുമെന്നും മണ്ഡലം പ്രസിഡന്റുമാർ ആരോപിക്കുന്നു. ലീഗ‌് നേതാവിനെ തെരഞ്ഞെടുപ്പ‌് ചുമതലയേൽപ്പിക്കുകയും മുകളിൽ നിന്ന‌് വന്ന ഫണ്ടിൽ നിന്ന‌് കേവലം 10,000 രൂപമാത്രം മണ്ഡലങ്ങൾക്ക‌് നൽകിയതിലും നേതാക്കൾ സംശയം പ്രകടിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ‌്തു.

കെപിസിസി നടത്തിയ സംസ്ഥാന ജാഥയുടെ ഭാഗമായി പിരിച്ച 2.20 കോടിയിൽ പകുതി ഡിസിസിക്ക‌് നൽകിയിരുന്നു ഈ പണം എവിടെ എന്നാണ‌് ഇപ്പോൾ പലരും ചോദിക്കുന്നത‌്. ഇതിനു പുറമെ വീക്ഷണത്തിന്റെ വരിസംഖ്യ പിരിച്ചതിന്റെ പണവും ഡിസിസിക്ക‌് അടച്ചിരുന്നതായി പറയുന്നു. നാഥനില്ലാക്കളരിയായി തുടരുന്ന സംഘടനക്കുള്ളിൽ അതൃപ‌്തി വ്യാപകമാണ‌്. ഈ അതൃപ‌്തി ബിജെപിയെ സഹായിക്കുമെന്ന ഭയം പോലും ഉയർന്നുട്ടുണ്ട്‌.

വീക്ഷണം പത്രം അടച്ചുപൂട്ടലിലേക്ക‌് നീങ്ങുന്നതായാണ‌് കോൺഗ്രസിലെ പല ഉന്നതരും ചൂണ്ടിക്കാട്ടുന്നത‌്. അച്ചടി കൊച്ചിയിലാണ‌്. പതിനഞ്ചോളം ജീവനക്കാർക്ക‌് ശമ്പളമില്ല. വീക്ഷണത്തെ രക്ഷിക്കാൻ സി എൻ ബാലകൃഷ‌്ണന്റെ മുൻകൈയിൽ ശേഖരിച്ച‌‌ കോടികൾ എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല.

പണമടച്ചവർ പത്രം കിട്ടാതെ വരുമ്പോൾ പരാതി പറയാൻ പോലും ഉത്തരവാദിത്തപ്പെട്ടവരില്ലാത്ത സ്ഥിതിയാണ‌്. ഇതൊന്നും അറിഞ്ഞ മട്ടിലായിരുന്നില്ല ഡിസിസി പ്രസിഡന്റ‌്. തെരഞ്ഞെടുപ്പ‌് പോലെ ഗൗരവതരമായ രാഷ്ട്രീയാന്തരീക്ഷത്തിൽ വീക്ഷണത്തെ ഇല്ലാതാക്കിയതിനെ സംശയത്തോടെയാണ‌് പലരും നോക്കികാണുന്നത‌്. 40 ലക്ഷം ബാധ്യതയുണ്ടെങ്കിലും അത‌് തീർത്ത‌് പത്രം തൃശൂരിൽ നിലനിർത്താമായിരുന്നുവെന്നാണ‌് മുതിർന്ന നേതാക്കൾ പറയുന്നത‌്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here