തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

”ചില കാര്യങ്ങളില്‍ അവഗണനയാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുന്നത്. തൊഴിലുറപ്പ് പദ്ധതിയ്ക്ക് നീക്കിവെച്ച തുകയില്‍ വലിയ കുറവ് വരുത്തി. കോര്‍പറേറ്റുകള്‍ക്ക് വലിയ രീതിയില്‍ നികുതി ഇളവ് അനുവദിക്കുന്നുണ്ട്. കേരളത്തിന് ന്യായമായി ലഭിക്കേണ്ട പലതും തരുന്നില്ല.
പ്രളയത്തിന് ശേഷം സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഒരു പൈസ പോലും മാറ്റി വച്ചില്ല. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട സഹായം ലഭിക്കുന്നില്ല.” ഈ അവഗണന തുടരാന്‍ പാടില്ലെന്നും ന്യായമായത് നല്‍കുക തന്നെ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചിലര്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സംഘപരിവാറിലെ നില എന്ന് പറയുന്നത് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമെ മറ്റുള്ളവര്‍ ചെയ്യാവു എന്നതാണ്. ബിജെപി അധികാരത്തിലിരിക്കുന്നതിനാല്‍ സംഘപരിവാര്‍ അഴിഞ്ഞാടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സ്വീകരിച്ചതില്‍ നിന്നും എന്ത് വ്യത്യാസമാണ് രാജസ്ഥാനില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും അപഹാസ്യമായ നിലയിലാണ് ഇന്ന് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

”കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടി ഇത്ര അനാഥ അവസ്ഥയിലെത്താന്‍ പാടുണ്ടോ. പ്രതിസന്ധികള്‍ ഉയര്‍ന്ന് വരുമ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ കഴിയണ്ടേ. ഇപ്പോള്‍ ബിജെപിക്ക് ആളെ കൂട്ടി കൊടുക്കുകയാണ്. കോണ്‍ഗ്രസിന് വന്ന ഈ അപകീര്‍ത്തിയില്‍ ആര്‍ക്കും സങ്കടം വരും. എന്തൊരു നാണക്കേടാണ് ഗോവയില്‍ ഉണ്ടായത്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അത് സത്യമായി. വ്യത്യസ്ത സാഹചര്യമുള്ള തുരുത്താണ് കേരളം.” സംഘപരിവാര്‍ അഴിഞ്ഞാട്ടം നടക്കാത്തത് ഇവിടുത്തെ ഇടതുപക്ഷത്തിന്റെ കരുത്ത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.