ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ‘പതിനെട്ടാം പടി’ ഹിറ്റ് ലിസ്റ്റിലേക്ക്. റിലീസ് ചെയ്തു ഒരാഴ്ച കഴിയുമ്പോഴും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും എല്ലാ പ്രദര്‍ശന വിജയ നേടുന്ന ചിത്രത്തിന് കേരളത്തിനു പുറത്തും അതിഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. വിദേശരാജ്യങ്ങളിലെ മലയാളികളും പതിനെട്ടാം പടിയുടെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.

അറുപതോളം പുതുമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, അഹാന കൃഷ്ണ എന്നിവരും ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ചിരിക്കുകയാണ് നടിയും നടന്‍ ആര്യയുടെ ഭാര്യയുമായ സയേഷ.

പുതുമുഖ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് കൂടുതല്‍ ഇഷ്ടമായെന്നും ആഗസ്റ്റ് സിനിമാസിനും ആര്യയ്ക്കും മറ്റ് താരങ്ങള്‍ക്കും അഭിനന്ദനമെന്നുമാണ് സയേഷ കുറിച്ചത്.

നടിയുടെ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മോഹന്‍ലാല്‍-സൂര്യ ടീമിന്റെ കാപ്പാനാണ് സയേഷയുടെ പുതിയ സിനിമ.