കര്‍ണ്ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി, അയോഗ്യത വിഷയങ്ങളില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. സ്പീക്കറുടെ അധികാരം ഉള്‍പ്പെടെയുള്ള ഭരണഘടനപരമായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. രാജിയാണോ, അയോഗ്യതയാണോ ആദ്യം പരിഗണിക്കേണ്ടത് എന്നാണ് ചര്‍ച്ച ചെയ്യുന്നതെന്നും സുപ്രീംകോടതി.

കര്‍ണാടകയിലെ രാഷ്ട്രീയ നാടകം സങ്കീര്‍ണമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. സ്പീക്കറുടെ ഭരണഘടനാ അധികാരങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്നും വിഷയം വിശദമായി പരിശോധിക്കണമെന്നും വ്യക്തമാക്കിയാണ് എംഎല്‍എമാരുടെ രാജി, അയോഗ്യത വിഷയങ്ങളില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാനുള്ള കോടതി ഉത്തരവ്.

എഎല്‍എമാരെ അയോഗ്യരാക്കാന്‍ രാജിയില്‍ തീരുമാനം വൈകിക്കുകയാണ് സ്പീക്കര്‍. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച സ്പീക്കര്‍ക്കെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയക്കണമെന്നും വിമത എംഎല്‍എമാരുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. അയോഗ്യത അടക്കമുള്ള കാര്യത്തില്‍ പരിശോധന വേണം. ഇതിന്റെ നടപടികളും പുരോഗമിക്കുകയാണ്. രാജികാര്യത്തില്‍ തീരുമാനം വൈകുന്നത് അതുകൊണ്ടെന്നും സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് സിംഗ്വി പറഞ്ഞു.

നിയമസഭാ വിഷയത്തില്‍ കോടതിക്ക് ഉത്തരവിറക്കാന്‍ ആകില്ലെന്ന സ്പീക്കറുടെ വാദത്തെ കോടതി വിമര്‍ശിച്ചു. സ്പീക്കര്‍ സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു. രാജിയാണോ, അയോഗ്യതയാണോ ആദ്യം പരിഗണിക്കേണ്ടത് എന്നാണ് ചര്‍ച്ച ചെയ്യുന്നത് എന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ വിമതരുടെ ഹര്‍ജി അനുവദിക്കരുതെന്ന് കുമാരസ്വാമിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ച് വീണ്ടും പരിഗണിക്കും.