വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വിശ്വാസ വോട്ട് തേടാന്‍ സ്പീക്കറോട് സമയവും അനുമതിയും തേടി. തിങ്കളാഴ്ച വിശ്വാസ വോട്ട് തേടിയേക്കും. 16വിമതര്‍ വിപ്പ് ലംഘിച്ചാല്‍ സര്‍ക്കാര്‍ താഴെ പോകും. പാര്‍ട്ടി എം എല്‍ എ മാരോട് ബെംഗളൂരു വിടരുതെന്ന് ബിജെപി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെത്ത് രാഷ്ട്രീയ അസ്ഥിരാവസ്ഥ ഒരാഴ്ച പിന്നിടുമ്പോഴാണ് വിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ തീരുമാനം. അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ല. വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണ്. സ്പീക്കര്‍ സമയവും അനുമതിയും നല്‍കണം കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ഉണ്ടായേക്കും.വിമത എംഎല്‍എമാരുടെയും സ്പീക്കറിന്റെയും ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കുന്നതിനാലാണിത്. ചൊവ്വാഴ്ച വരെ രാജി കാര്യത്തില്‍ തീരുമാനം എടുക്കേണ്ടാത്തതിനാല്‍ വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം ശ്രമം തുടരും.

വിമത എംഎല്‍എമാര്‍ വിപ്പ് പാലിക്കാന്‍ ബാധ്യസ്ഥരായതിനാല്‍ അയോഗ്യത ഭയന്ന് പിന്തുണ നല്‍കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. പക്ഷെ സര്‍ക്കാര്‍ താഴെ വീണാല്‍ പുതിയ സ്പീക്കര്‍ അയോഗ്യത നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യത ഇല്ല. അതിനാല്‍ വിമതര്‍ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തന്നെയാണ് സാധ്യത. ബിജെപിയും വിശ്വാസ വോട്ടിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പാര്‍ട്ടി എം എല്‍ എ മാരോട് ബെംഗളൂരു വിടരുതെന്ന് യെദിയൂരപ്പ നിര്‍ദേശം നല്‍കി.