സംസ്ഥാനത്തെ ദേശിയ പാതാ വികസനത്തിനായി ലോക്സഭ എംപിമാര്‍ കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി. പാര്‍ലമെന്റിലെ നിധിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദേശിയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചിലവ് കുറയ്ക്കാന്‍ സംസ്ഥാന ജി.എസ്.ടി ഒഴിവാക്കണമെന്ന് മന്ത്രി എം.പിമാരോട് ആവിശ്യപ്പെട്ടു.

ആലപ്പുഴ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കല്‍, തൃശൂര്‍ മണ്ണൂത്തി ദേശിയ പാത നിര്‍മ്മാണം എന്നീ പ്രധാന വിഷയങ്ങളാണ് നിധിന്‍ ഗഡ്കരിയുമായി എം.പിമാര്‍ ചര്‍ച്ച നടത്തിയത്. റയില്‍വേ മേല്‍പാല നിര്‍മ്മാണമടക്കം ഇഴയുന്നതാണ് ആലപ്പുഴ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതെന്ന് ആരിഫ് എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ റയില്‍വേയുമായി ബന്ധപ്പെട്ട് നിര്‍മ്മാണം വേഗത്തിലാക്കാമെന്ന് മന്ത്രി അറിയിച്ചതായി ആരിഫ് എംപി വ്യക്തമാക്കി.

സ്വകാര്യ കമ്പനിയുടെ കെടുകാര്യസ്ഥത മൂലം തൃശൂര്‍-മണ്ണുത്തി-വടക്കുഞ്ചേരി ദേശിയ പാത നിര്‍മ്മാണം സ്തംഭനത്തിലായെന്ന് ചൂണ്ടികാട്ടിയ തൃശൂര്‍ എം.പി ടി.എന്‍ പ്രതാപിനോട് വിഷയത്തില്‍ ഇടപെടാമെന്ന് മന്ത്രി പറഞ്ഞു.

ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ നിധിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു.