തിരുവനന്തപുരം കേരളത്തിലെ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി മുതല്‍ തൊഴിലാളികളുടെ വേതനം കുടിശ്ശികയാണ്. തൊഴിലാളി കുടുംബങ്ങളെ ഇത് ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്.

കരാറുകാര്‍ ചെയ്ത പ്രവൃത്തിക്കുള്ള ഫണ്ട് ബിഎസ്എന്‍എല്‍ അനുവദിക്കാത്തതാണ് ഈ പ്രതിസന്ധിക്കുള്ള കാരണമെന്ന് മനസ്സിലാക്കുന്നു.

അഞ്ചു മാസത്തെ വേതനം കുടിശ്ശികയായി എന്നു മാത്രമല്ല, ധാരാളം തൊഴിലാളികള്‍ പിരിച്ചുവിടലിന്റെ ഭീഷണിയിലുമാണ്.

ഇത് തൊഴിലാളികളെ കൂടുതല്‍ പ്രയാസത്തിലും ഉത്കണ്ഠയിലുമാക്കിയിരിക്കുകയാണ്. കരാറുകാര്‍ക്കുള്ള ബില്‍ കുടിശ്ശിക തീര്‍ത്തുകൊണ്ട് തൊഴിലാളികള്‍ക്ക് വേതനം കിട്ടാത്ത പ്രശ്‌നം പരിഹരിക്കണമെന്നും പിരിച്ചുവിടല്‍ നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ ബിഎസ്എന്‍എല്‍ മാനേജ്‌മെന്റിനോട് നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.