സൈനികന്റെ ഭാര്യയെ പീഡിപ്പിച്ച കേസിന്റെ വിവരങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ ബിജെപി മുന്‍ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടന്‍ മര്‍ദ്ദിച്ചതായി പരാതി. ഇരവിപുരം സ്വദേശി മനുവിനാണ് മര്‍ദ്ദനമേറ്റത്. പോലീസിന് പരാതി നല്‍കിയ മനു കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

സൈനികന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെകുറിച്ച് കൈരളി ന്യൂസ് ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ സാമുഹിക മാധ്യമങ്ങളിലൂടെ ബിജെപി യുവമോര്‍ച്ച പ്രാദേശിക നേതാവായ മനു പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് മനു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കൊല്ലം കളക്ട്രേറ്റിനു സമീപത്തുവെച്ച് തന്റെ നേരെ നെടുമ്പന ഓമനകുട്ടന്‍ ആക്രോഷിച്ചു കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനു പറഞ്ഞു.

എന്നാല്‍ പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്ന തന്നെ ബോധപൂര്‍വ്വം കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്ക് മനുവിനെ അറിയില്ലെന്നും താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും നെടുമ്പന ഓമനകുട്ടന്‍ കൈരളി ന്യൂസിനോടു പറഞ്ഞു. അതേസമയം മര്‍ദ്ദന മേറ്റ മനു പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കും.