കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തൃശൂര്‍ റൂറല്‍ ജില്ലയിലെ ചാലക്കുടി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തിരുവനന്തപുരം സിറ്റിയിലെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.

ജൂലൈ 16ന് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 2018 കാലയളവില്‍ ഈ പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നത്. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.