യൂണിവേ‍ഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഖിലിനെ വെന്‍റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. അഖിലിനെ കുത്തിയവരെ പിടികൂടാന്‍ പോലീസ് നീക്കം ആരംഭിച്ചു

നാല് മണിക്കൂറിലേറെ നീണ്ട് നിന്ന ശസ്ത്രക്രിയ ശേഷം കുത്തേറ്റ അഖിലിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ശസ്ത്രക്രിയക്ക് പ്രശ്നം ആയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറമാരുടെ പരിശ്രമം അഖിലിനെ രക്ഷപെടുത്തി.

പാര്‍ട്ടിയുടെ ഉറച്ച അനുഭാവികളായ അഖിലിന്‍റെ കുടുംബത്തിനൊപ്പം ആദ്യം മുതല്‍ തന്നെ നിലയുറപ്പിച്ച സിപിഐഎം പ്രദേശിക നേതൃത്വം സംഭവം ഉണ്ടായത് മുതല്‍ അഖിലിന്‍റെ കുടുംബത്തിനൊപ്പം സജീവമായി മെഡിക്കല്‍ കോളേജിലുണ്ട്.

രാത്രിയോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും,സംസ്ഥാന കമ്മറ്റി അംഗം വി.ശിവന്‍കുട്ടിയും അഖിലിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി.

യൂണിവേ‍ഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളായ നസീം, ശിവരഞ്ജിത്ത്, അദ്വൈത്, അമല്‍, ഇബ്രാഹിം, ആരോമല്‍ എന്നീങ്ങനെ ആറ് പേരുടെ പേരില്‍ വധശ്രമത്തിന് കണ്‍ടോണ്‍മെന്‍റ് പോലീസ് കേസെടുത്തി.

പ്രതികളായവരെ എസ്എഫ്ഐ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രതികളുടെ വീടുകളില്‍ രാത്രി പോലീസ് പരിശോധന നടത്തി.

ശസ്ത്രക്രിയക്ക് മുന്‍പ് അഖിലിന്‍റെ മൊ‍ഴിയെടുക്കാന്‍ മജിസ്ട്രേറ്റ് എത്തിയെങ്കിലും നില മോശമായിരുന്നതിനാല്‍ മൊ‍ഴിയെടുക്കാന്‍ ക‍ഴിഞ്ഞില്ല.

കുത്തിയത് ആരെന്ന് അറിയില്ലെന്നാണ് ഡോക്ടര്‍ക്ക് നല്‍കിയ മൊ‍ഴിയില്‍ അഖില്‍ പറഞ്ഞതായി സൂചനയുണ്ട്. കോളേജ് പ്രിന്‍സിപ്പള്‍ ,ഹയര്‍ എഡുക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ എന്നീവര്‍ ആശുപത്രിയിലെത്തി അഖിലിന്‍റെ കുടുംബാഗങ്ങളെ കണ്ടു.