വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുനൽകാമെന്ന‌് പറഞ്ഞ‌് വഞ്ചിച്ചുവെന്ന പരാതിയിൽ നടി മഞ്‌ജു വാര്യർ തിങ്കളാഴ‌്ച വയനാട‌് ലീഗൽ സർവീസ‌് അതോറിറ്റി (ഡിഎൽഎസ‌്എ) മുമ്പാകെ ഹാജരാകണം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങൾ നൽകിയ പരാതിയിലാണ‌് മഞ‌്ജു വാര്യരോട‌് ഹിയറിങ്ങിന‌് നേരിട്ട‌് ഹാജരാകാൻ ലീഗൽ സർവീസ‌് അതോറിറ്റി ഉത്തരവിട്ടത‌്. മുൻ ഹിയറിങ്ങുകളിൽ മഞ്‌ജു ഹാജരായിരുന്നില്ല.
മഞ‌്ജു വാര്യർ ഫൗണ്ടേഷൻ വഞ്ചിച്ചതിനാൽ സർക്കാർ സഹായം നഷ്ടപ്പെട്ടെന്നാണ‌് കുടുംബങ്ങളുടെ പരാതി. പരക്കുനിയിലെ പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക‌് വീടും മറ്റ‌് സൗകര്യങ്ങളും ഒരുക്കാമെന്ന‌് പറഞ്ഞ‌് 2017 ജനുവരി 20ന‌് മഞ്‌ജുവാര്യർ ഫൗണ്ടേഷൻ വയനാട‌് കലക്ടർക്കും പട്ടികവർഗ വകുപ്പ‌് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത‌് നൽകിയിരുന്നു. ഒന്നേമുക്കാൽ കോടിയിലധികം ചെലവഴിച്ച‌് 57 ആദിവാസി കുടുംബങ്ങൾക്ക‌് വീടും മറ്റ‌്
സൗകര്യങ്ങളുമൊരുക്കുമെന്നായിരുന്നു വാഗ‌്ദാനം. പ്രളയത്തിൽ ഈ പ്രദേശത്ത‌് വ്യാപക നാശനഷ്ടമുണ്ടായി. മഞ്ജുവാര്യർ ഫൗണ്ടേഷന്റെ പദ്ധതിയുള്ളതിനാൽ ഇവിടെ സർക്കാരിന്റെയും പഞ്ചായത്തിന്റെയും പദ്ധതികൾ ലഭിച്ചില്ലെന്ന‌് കുടുംബങ്ങൾ പറയുന്നു. പിന്നീട‌് മഞ്‌ജുവാര്യർ ഫൗണ്ടേഷൻ വാഗ‌്ദാനത്തിൽനിന്നും പിന്മാറി. 57 കുടുംബങ്ങൾക്ക‌് ഒന്നേമുക്കാൽകോടി ചെലവിൽ വീട‌് നിർമിച്ചുനൽകാൻ ഒരാൾക്ക‌് ഒറ്റയ‌്ക്ക‌് ചെയ്യാൻ പറ്റുന്നതല്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സംഭവം വിവാദമായപ്പോൾ മഞ‌്ജുവാര്യരുടെ പ്രതികരണം.

Get real time update about this post categories directly on your device, subscribe now.