ബീഫ് കഴിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്ലിം യുവാവിന് ക്രൂര മര്‍ദ്ദനം. നാഗപട്ടണം പൊറവച്ചേരി കീഴ്വേളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ് ഫൈസാന്‍ (24) ആണ് മര്‍ദ്ദനത്തിനിരയായത്.

‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടികുറിപ്പോടെ ഫൈസാന്‍ ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേപ്രദേശത്ത് താമസിക്കുന്ന എന്‍. ദിനേഷ്‌കുമാര്‍ (28), എ. ഗണേഷ്‌കുമാര്‍ (27), എം. മോഹന്‍കുമാര്‍ (28), ആര്‍. അഗസ്ത്യന്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖം മൂടി ധരിച്ച നാല്‍വര്‍ സംഘം ഫൈസാനെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയുമായിരുന്നു. സംഭവത്തില്‍ നാഗപട്ടണം ജില്ലാ പൊലീസ് സുപ്രണ്ട് ടി.കെ രാജശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തന്റെ പോസ്റ്റിന് പിന്നാലെ ഹിന്ദു കക്ഷികളുടെ ഭീഷണി ഉണ്ടായിരുന്നതായി ഫൈസാന്‍ പറഞ്ഞതായി ന്യുസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഫൈസാന് എതിരെയുണ്ടായ അക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.