കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടേയും ബിഎസ് യെദിയൂരപ്പയുടേയും കണക്കുകൂട്ടലുകള്‍ പാളുന്നതായി സൂചന. രാജി വച്ച 18 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജ് ആണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജി തീരുമാനം പുനപരിശോധിക്കുന്നത് എന്ന് നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകര്‍ റാവു അടക്കമുള്ള രാജി വച്ച എംഎല്‍എമാരുമായി താന്‍ സംസാരിക്കുമെന്നും ഇതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും എംടിബി നാഗരാജ് പറഞ്ഞു. പതിറ്റാണ്ടുകളായി താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്നും നാഗരാജ് പറഞ്ഞു.