കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തലയൊട്ടിയുടെ പിന്നില്‍ ഒരു ഭാഗം അടര്‍ന്നു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത. പൊലീസ് അന്വേഷണം തുടങ്ങി.

കൈകാലുകള്‍ ദ്രവിച്ച് അടര്‍ന്ന് അഴുകിയ നിലയിലുള്ള മൃതദ്ദേഹം ക്യാന്‍സര്‍ വാര്‍ഡിനോട് ചേര്‍ന്നുള്ള കൂട്ടിരിപ്പ് കേന്ദ്രത്തിന് പുറക് വശത്തെ കാടിനുള്ളിലാണ് കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. തലയൊട്ടിയുടെ പിന്നില്‍ ഒരു ഭാഗം അടര്‍ന്നു പോയ നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിലെ ദുരുഹതയുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഗാന്ധിസ്റ്റര്‍ പൊലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് വച്ച് കാണാതായവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. മൃതദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.