യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയത് ശിവരഞ്ജിത്ത് എന്ന വിദ്യര്‍ത്ഥിയെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. കോളേജിലെ അനിഷ്ട സംഭവങ്ങളെ പറ്റി അന്വേഷിച്ച കോളീജീയേറ്റ് എഡുക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. എഫ്‌ഐആറില്‍ പ്രതികളായവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയത് ശിവരഞ്ജിത്ത് ആണെന്നാണ് കണ്‍ടോണ്‍മെന്റ് പോലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ പറയുന്നത്.കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കോളേജ് പ്രിന്‍സിപ്പളിന്റെ ചുമതല വഹിക്കുന്ന വിശ്വംഭരന്‍ മാധ്യമങ്ങളോട് പറഞ്ഞു

അഖിലിന് കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജില്‍ പോലീസ് പരിശോധന നടത്തി. കണ്‍ടോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . ഒളിവില്‍ പോയ പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന തുടരുകയാണ്.

കോളേജിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജിയേറ്റ് എഡ്യുക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ കെ സുമ നടത്തിയ പ്രഥമിക റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് കൈമാറി. പരിക്കേറ്റ് ചികില്‍സയിലായ അഖിലില്‍ നിന്ന് മൊഴിയെടുക്കാന്‍ ആയില്ലെന്നും, കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്നാണ് കെകെ സുമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് .അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച കോളേജിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു