വിവിധ മദ്യങ്ങളുടെ പേരിലും മണത്തിലും രുചിയിലും സോഡ വില്‍പ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് തടഞ്ഞു. ചില വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് നടപടി.

കൊല്ലം നഗരത്തില്‍ വിദ്യാലയങ്ങള്‍ക്കു സമീപത്ത് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങളിലാണ് വോഡ്ക, ഫ്രൂട്ട് ബിയര്‍, ഫ്രൂട്ട് വിസ്‌കി, എന്ന ഫ്‌ലേവറുകളില്‍ അതേ നിറത്തിലും മണത്തിലും സോഡ വിറ്റത്. പ്രാഥമിക പരിശോധനയില്‍ അല്‍ക്കഹോളിന്റെ അംശം കണ്ടെത്താനായില്ലെന്ന് എക്‌സൈസ് അറിയിച്ചു. അതേ സമയം വിവിധ ഇനം വിദേശ മദ്യങ്ങളുടെ പേരില്‍ സോഡവില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം അനുവദനീയമല്ലെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യാഗസ്ഥ പറഞ്ഞു.

എന്നാല്‍ നിയമപരമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും സോഡയില്‍ ആല്‍ക്കഹോള്‍ ഇല്ലെന്നും മദ്യത്തിന്റെ പേരുകള്‍ മാറ്റുമെന്നും ഉടമ ഗിരീഷ് പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന വിമുക്തി പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയ പരിസരത്തെ പരിശോധന.