മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് ഓയിൽ പിടികൂടി. ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 910 ഗ്രാം ഹാഷിസ് ഓയിലാണ് സിഐഎസ്എഫ് പിടികൂടിയത്.

പിടിയിലായ കണ്ണൂർ സ്വദേശി അജാസിനെ നാർക്കോട്ടിക് വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

വെള്ളിയാഴ്ച രാത്രി ദോഹയിലേക്ക് പോകാൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാനെത്തിയ അജാസിൽ നിന്ന് ഹാഷിഷ് പിടികൂടുകയായിരുന്നു.

സിഐഎസ്എഫിന്റെ പരിശോധനയിലാണ് അജാസ് കുടുങ്ങിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിലും ചെരിപ്പിലുമായി ഒളിപ്പിച്ചു വച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

പിടികൂടിയ ഹാഷിഷ് ഓയിലും പ്രതിയെയും സിഐഎസ്എഫ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബൂറോയ്ക്ക് കൈമാറി.

അജാസിനെ സംഘം ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് രണ്ടാം തവണയാണ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിൽ പിടികൂടുന്നത്.