യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു; 6 പേരെ അംഗത്വത്തില്‍നിന്നും പുറത്താക്കി

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. പൊലീസ് പ്രതിപ്പട്ടികയിലുള്ള ആറ് എസ്.എഫ്.ഐക്കാരെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. ഒരു തരത്തിലെ അക്രമവും ക്യാമ്പസില്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

നിരന്തരമായി യൂണിവേഴ്‌സിറ്റി കോളേജിലുണ്ടാകുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ, വിദ്യാര്‍ത്ഥികളുടെ പൊതുസ്വകാര്യത ഉറപ്പ് വരുത്താനോ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്. ഒപ്പം കഴിഞ്ഞ ദിവസം കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതിചേര്‍ത്ത 6 എസ്.എഫ്.ഐക്കാരെ സംഘടനയില്‍ നിന്നും പുറത്താക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

എസ്.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മുഴുവന്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നുമാണ് ഇവരെ പുറത്താക്കിയത്. എ.എന്‍ നസീം, ശിവരഞ്ജിത്ത്, മുഹമ്മദ് ഇബ്രാഹീം, അദ്വൈത് മണികണ്ഠന്‍, അമര്‍, ആരോമല്‍ എന്നിവരെയാണ് പുറത്താക്കിയത്.

ഒരു തരത്തിലെ അക്രമവും ക്യാമ്പസില്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പുനസംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here