ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം. സാജന്റെ പേരിലുള്ള സിം കാര്‍ഡിലേക്ക് ഒരേ നമ്പറില്‍ നിന്നും വന്ന 2400 കോളുകള്‍ ദുരൂഹമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം സാജന്റെ പേരിലുള്ള ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നത് മകന്‍ ആണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി വീഡിയോ ഗെയിം കളിച്ചതാണ് ദീര്‍ഘ സംഭാഷണമായി വ്യാഖ്യാനിക്കപ്പെടുന്നതെന്നും സാജന്റെ കുടുബാംഗങ്ങള്‍ വ്യക്തമാക്കി.

ആന്തൂര്‍ സംഭവത്തില്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാജന്റെയും സാജനുമായി ബന്ധമുള്ളവരുടെയും ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. സാജന്റെ പേരിലുള്ള മൂന്ന് സിം കാര്‍ഡുകളില്‍ ഒന്നിലേക്ക് ഒരേ നമ്പറില്‍ നിന്നും വന്ന നിരവധി കോളുകളെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ നമ്പറില്‍ നിന്നും 2400 കോളുകള്‍ വന്നിരുന്നതായും ഇതില്‍ ഏറെയും മണിക്കൂറുകള്‍ നീണ്ടതായിരുന്നു എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ ഡ്രൈവര്‍ മന്‍സൂറിന്റേതാണെന്നും സാജന്റെ പേരിലുള്ള സിം മകനാണ് ഉപയോഗിച്ചതെന്നും കുടുംബം വ്യക്തമാക്കി.

സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണം എന്നതിന് ഒരു തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.