പുരുഷ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ എഴുത്തുകാരികള്‍ അവഗണിക്കപ്പെട്ട ചരിത്രമാണുള്ളതെന്ന് കഥാകൃത്ത് ടി പത്മനാഭന്‍ പറഞ്ഞു. അങ്ങനെ ചെയ്തതുകൊണ്ട് എഴുത്തുകാരി സരസ്വതിയമ്മയെ സാഹിത്യലോകം തിരസ്‌കരിക്കുകയോ മറക്കുകയോ ചെയ്തു.

ഭാഗ്യാന്വേഷിയായി സഞ്ചരിക്കാത്ത അവര്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ ഒരാളെയും കൂട്ടാക്കാതെയാണ് എഴുതിയിരുന്നത്. ധര്‍മടം ബീച്ച് ടൂറിസം സെന്ററില്‍ കേരള സാഹിത്യ അക്കാദമിയും ‘സ്ത്രീശബ്ദം’ മാസികയും സംഘടിപ്പിച്ച വനിതാ സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 1975ല്‍ സരസ്വതിയമ്മ അന്തരിച്ചപ്പോള്‍ പത്രവാര്‍ത്തപോലുമായില്ല. അന്നും സാംസ്‌കാരിക നായകരും സ്ത്രീവിമോചന വാദികളും ഉണ്ടായിരുന്നു. തിരുവനന്തപുരത്തുപോലും അനുശോചനയോഗം നടന്നില്ല.

അന്തരിച്ച് 25 വര്‍ഷത്തിനുശേഷമാണ് അവരെക്കുറിച്ച് ചെറിയ പുസ്തകം സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത്. സരസ്വതിയമ്മയുടെ എഴുത്ത് ഒരുതരം പൊള്ളുന്ന അനുഭവമാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.