
ലണ്ടൻ: നിലവിലെ ചാമ്പ്യൻ നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീസ‌് ഫൈനലിൽ കടന്നു. സെമിയിൽ സ‌്പെയ‌്നിന്റെ റൊബർട്ടോ ബൗറ്റിസ്റ്റ അഗുട്ടിനെ കീഴടക്കി (6–2, 4–6, 6–3, 6–2).
ഇന്ന‌് നടക്കുന്ന വനിതാ ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസ‌് റുമേനിയൻ താരം സിമോണ ഹാലെപ്പിനെ നേരിടും. വൈകിട്ട‌് 6.30നാണ‌് മത്സരം.
മയാമി ഓപ്പണിലും ഖത്തർ ഓപ്പണിലും അഗുട്ടിനോടേറ്റ തോൽവിക്ക‌് കണക്കുതീർത്തു യൊകോവിച്ച‌്. അഞ്ചാം വിംബിൾഡൺ ലക്ഷ്യമിടുന്ന യൊകോവിച്ച‌് ആദ്യ സെറ്റ‌് അനായാസമാണ‌് നേടിയത‌്. 23–-ാ സീഡായ അഗുട്ട‌് തിരിച്ചുവന്നു.
രണ്ടാം സെറ്റ‌് 6–4ന് പിടിച്ചു. എന്നാൽ, മൂന്നും നാലും സെറ്റിൽ അഗുട്ടിനെ നിലംതൊടീക്കാതെ ഒന്നാം നമ്പറുകാരൻ ജയം പിടിച്ചു.
പത്ത‌് എയ‌്സുകളാണ‌് മത്സരത്തിൽ സെർബിയക്കാരൻ പായിച്ചത‌്. യൊകോവിച്ചിന്റെ ആറാം വിംബിൾഡൺ ഫൈനലാണിത‌്.
പതിനഞ്ച‌് ഗ്രാൻഡ‌്സ്ലാം നേടിയ മുപ്പത്തിരണ്ടുകാരൻ 25–-ാം ഫൈനലിനാണ‌് അരങ്ങൊരുക്കിയത‌്. ഈ വർഷം ഓസ‌്ട്രേലിയൻ ഓപ്പണും മാഡ്രിഡ‌് ഓപ്പണും നേടികഴിഞ്ഞു യൊകോവിച്ച‌്.
ചെക്ക‌് റിപ്പബ്ലിക്കിന്റെ ബാർബറ സ‌്ട്രൈക്കോവയെ തോൽപ്പിച്ചാണ‌് സെറീന ഫൈനലിലെത്തിയത‌്. ഹാലെപ്പാകട്ടെ ഉക്രയ‌്നിന്റെ എലിന സ്വിറ്റോളിനയെയും തകർത്തു.
ഹാലെപ്പിനെതിരെ മത്സരിച്ച പത്ത‌് കളികളിൽ ഒമ്പതിലും ജയം സെറീനക്കൊപ്പമായിരുന്നു. ഹാലെപ്പിന്റെ കന്നി വിംബിൾഡൺ ഫൈനലാണിത‌്.
ഏഴ‌് തവണ ജേത്രിയാണ‌് സെറീന. ഗ്രാൻഡ‌്സ്ലാം ഫൈനലിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ‌് മുപ്പത്തേഴുകാരിയായ സെറീന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here