പുലി പേടിയിൽ തിരുവനന്തപുരം നെയ്യാറ്റിൻക്കരയിലെ കോടങ്ങാവിള നിവാസികൾ. വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് പുലിയാണ് എന്നതാണ് ജനങ്ങളുടെ ഭയാശങ്ക. ഇതെതുടർന്ന് പുലിയെ പിടിക്കാനായി വനം വകുപ്പുദ്യോഗസ്ഥർ കെണി സ്ഥാപിച്ചു.

കോടങ്ങാവിളയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജനങ്ങൾ ഭീതിയിലാണ്. പ്രദേശവാസികളുടെ വീട്ടിലെ ആട്, കോ‍ഴി എന്നിവയെ കൊന്നു തിന്നുന്നത് പുലിയാണ് എന്നതാണ് ഇവരുടെ ഭയാശങ്ക. അവിടുത്തെ തന്നെ ഒരു വീട്ടിലെ പട്ടിയെയും പ്രദേശത്ത് അലഞ്ഞു നടന്ന പട്ടികളെയും കാൺമാനില്ല. ചില വീടുകളുടെ പരിസരത്ത് നിന്നും പുലിയുടേതിന് സമാനമായ കാൽ പാടുകൾ കണ്ടെത്തി.

ഈ സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പുദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. തുടർന്നാണ് പുലിയെ കണ്ടു എന്ന് പറയുന്ന വ്യക്തിയുടെ പുരയിടത്തിൽ കെണി സ്ഥാപിച്ചത്. കൂട് സ്ഥാപിച്ച് ഉള്ളിൽ ഇരയായി കോഴിയേയും കെട്ടി ഇട്ടിരിക്കുകയാണ് വനം വകുപ്പുക്കാർ. നിലവിൽ കാടിന് സമാനമായ അന്തരീക്ഷം പ്രദേശത്ത് ഉള്ളതിനാൽ പുലിയുടെ സാന്നിധ്യമുണ്ടോ എന്നതിൽ വനം വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. പ്രദേശവാസികളോട് ജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.