നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്‍റെ ആദ്യ ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കമ്മീഷന്‍ റിട്ടയേർഡ് ജസ്റ്റിസ് നാരായണകുറുപ്പ് കഴിഞ്ഞ ദിവസം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും എത്തി തെളിവെടുത്തു.

രാജ് കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. റിമാന്റിൽ കഴിയുന്ന രണ്ട്, മൂന്ന് പ്രതികളായ നിയാസ്, സജീവ് ആന്റണി എന്നിവരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

ഒന്നാം പ്രതി എസ് ഐ സാബുവിനെ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. ഹരിത ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.