വിലയിടിവിന്റ പശ്ചാത്തലത്തിൽ റബർ കൃഷിയിൽ നിന്ന് കർഷകർ അകലുന്നു. റബർത്തൈ വിൽപ്പനയിൽ വൻ ഇടിവ്. റബർതൈ വിൽപ്പന നടത്തുന്ന നഴ്സറികൾ കടുത്ത പ്രതിസന്ധിയിൽ.

റബർ കൃഷി നഷ്ടത്തിലായതോടെ കർഷകർ കൃഷി ഉപേക്ഷിക്കുന്നതിന്റെ സൂചനയാണ് റബർതൈ വിൽപ്പനയിലെ വൻ ഇടിവ്. സംസ്ഥാനത്തെ നഴ്സറികൾ പ്രതിവർഷം അൻപത് ലക്ഷം റബർ തൈകൾ വിറ്റിരുന്നെങ്കിൽ ഇപ്പോഴത് അഞ്ചുലക്ഷം തൈകളിലേക്ക് കൂപ്പുകുത്തി. റബർതൈ വിൽപ്പനയിൽ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് കോട്ടയം കിടങ്ങൂരിലെ നേഴ്സറി ഉടമ എമ്മാനുവേൽ ആനിമൂട്ടിൽ പറഞ്ഞു.

റബർ വിലയിടിവ് തുടരുമ്പോൾ റബർ ബോർഡിന്റെ റീപ്ലാന്റിംഗി നടക്കമുള്ള സബ്സീഡികൾ നിലച്ചു. ഇതോടെ ടാപ്പിങ്ങ് നിലച്ച പഴയ മരങ്ങൾ വെട്ടിമാറ്റി പുതിയ റബർ തൈകൾ നടാൻ കർഷകർ തയ്യാറാകുന്നില്ല. പകരം കപ്പ, വാഴ, പൈനാപ്പിൾ തുടങ്ങിയ നടീൽ കൃഷികളിലേക്കും കർഷകർ വഴി മാറിയതും റബർ തൈ ഉൽപാദകർക്ക് തിരിച്ചടിയായി.