കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സ്വർണ്ണം കവർന്നു. മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘം. മോഷ്ടാക്കളിൽ ഒരാളെ ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് 3 അംഗ ഇതര സംസ്ഥാന സംഘം ജ്വല്ലറിയിലെത്തി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി ആഭരണങ്ങൾ കവർന്നത്. മുഖം മൂടിയും കയ്യിൽ ഗ്ലൗസും ധരിച്ചത്തിയ സംഘത്തിലെ ഒരാൾ ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി മറ്റുള്ളവർ ആഭരണങ്ങൾ കവരുകയായിരുന്നു. 15 വളകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി.

ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. രക്ഷപ്പെട്ട രണ്ട് പേരും ബംഗാൾ സ്വദേശികളാണന്നാണ് സൂചന. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് പിടികൂടിയ ആളെ കസ്റ്റഡിയിലെടുത്തു. കീഴ്പ്പെടുത്തുന്നതിനിട ബോധം നഷ്ടമായ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു.സാധാരണ 7 മണിയോടെ ജ്വല്ലറി അടക്കാറുണ്ടങ്കിലും ഒരു ഇടപാടുകാരൻ പണം നൽകാനുള്ളതിനാൽ ഷട്ടർ പാതി താഴ്ത്തി ഇയാളെ കാത്തിരിക്കുന്നതിനിടെയാണ് മോഷണ സംഘമെത്തിയത്. ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.