പരുഷ യാഥാർഥ്യങ്ങൾ ഉറക്കെ പറഞ്ഞ എഴുത്തുകാരികൾ സാഹിത്യ ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടുവെന്ന് എഴുത്തുകാരൻ ടി പദ്മനാഭൻ പറഞ്ഞു. കണ്ണൂർ ധർമ്മടം ബീച്ചിൽ കേരള സാഹിത്യ അക്കാദമിയും സ്ത്രീശബ്‌ദം മാസികയും സംയുക്തമായി സംഘടിപ്പിച്ച വനിതാ സാഹിത്യ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സരസ്വതി അമ്മയും രാജലക്ഷ്മിയും ലളിതാംബിക അന്തർജനവും മാധവിക്കുട്ടിയും ജീവിതം മുഴുവൻ സാഹിത്യത്തിന് വേണ്ടി സമർപ്പിച്ചവരാണ്. എന്നാൽ കാലവും ചരിത്രവും അവർക്ക് അർഹമായ പരിഗണയും അംഗീകാരവും നൽകിയില്ല.സരസ്വതി അമ്മ മരിച്ചപ്പോൾ ഒരു പത്ര വാർത്ത പോലും വന്നില്ല എന്ന് മാത്രമല്ല ഒരിടത്തും ഒരു അനുശോചന യോഗം പോലും ചേർന്നില്ല എന്നും ടി പദ്മനാഭൻ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ ആരോപണ ശരങ്ങൾ വേട്ടയാടിയപ്പോഴാണ് രാജലക്ഷ്മി ആത്മഹത്യ ചെയ്തത്.മത പരിവർത്തനം നടത്തിയ മാധവിക്കുട്ടിയും വേട്ടയടപ്പെട്ടു.ഇവർക്കെല്ലാം മുന്നിൽ ശിരസ്സ് നമിക്കാൻ ബാധ്യസ്ഥപ്പെട്ടവരാണ് നമ്മളെന്നും മലയാളത്തിന്റെ പ്രിയ കഥാകാരൻ പറഞ്ഞു

രണ്ടു ദിവസത്തെ സാഹിത്യ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. മുൻ എം പി മാരായ പി കെ ശ്രീമതി ടീച്ചർ,അഡ്വ പി സതീദേവി,അക്കാദമി വൈസ് പ്രസിഡന്റ് ഡോ ഖദീജ മുംതാസ്,സെക്രട്ടറി ഡോ കെ പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.