ചന്ദ്രയാൻ -2 നാളെ കുതിക്കും; ദൗത്യവിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിൽ നിന്ന്

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം കുതിക്കും. കരുത്തൻ റോക്കറ്റായ ജിഎസ‌്എൽവി മാർക്ക‌്–3ലാണ‌് 3860 കിലോഗ്രാം ഭാരമുള്ള ചാന്ദ്രയാൻ–-2 താൽക്കാലിക ഭ്രമണപഥത്തിലേക്ക‌് നീങ്ങുക. റോക്കറ്റിന‌് മാത്രം 640 ടണ്ണാണ‌് ഭാരം.

വിക്ഷേപണത്തിന്റെ 16.22 മിനിറ്റിൽ ഉപഗ്രഹം ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും. 170 നും 40,400 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമപണപഥത്തിൽ രണ്ടാഴ‌്ചയോളം ഭൂമിയെ വലംവയ‌്ക്കുന്ന പേടകത്തെ ഘട്ടംഘട്ടമായി ഉയർത്തി ചാന്ദ്രമണ്ഡലത്തിലെത്തിക്കും.

ഈ മാസം 31ന‌്‌ ആദ്യപഥം ഉയർത്തും. 49 ദിവസമാണ‌് പഥമുയർത്തൽ. സെപ‌്തംബർ ആറിനോ ഏഴിനോ ചാന്ദ്രപഥത്തിലെത്തുന്ന പേടകത്തിൽനിന്ന‌് വിക്രം–- ലാന്റർ വേർപെടും. നൂറ‌് കിലോമീറ്ററിനുമുകളിൽ ഓർബിറ്റർ ഭ്രമണംചെയ്യും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 15 മിനിറ്റുകൊണ്ട‌് വിക്രം സോഫ‌്റ്റ‌് ലാൻഡ‌് ചെയ്യും.

സ്വയംനിയന്ത്രിത സംവിധാനം ഉപയോഗിച്ചാകും ഇത‌്. തുടർന്ന‌് ലാൻഡറിന്റെ വാതിൽതുറന്ന‌് റോവർ(പ്രഗ്യാൻ) ചന്ദ്രപ്രതലത്തിലിറങ്ങും. പതിനാലുദിവസം പര്യവേക്ഷണം തുടരുന്ന റോവർ ചന്ദ്രനിൽനിന്ന‌് നിർണായകവിവരങ്ങൾ ലഭ്യമാക്കും. നിഴൽമേഖലയായ ദക്ഷിണ ധ്രുവത്തിൽ ‘അത്ഭുത’ങ്ങൾ കാത്തിരിക്കുന്നുണ്ടെന്ന‌് ഐഎസ‌്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു.

ജലസാന്നിധ്യം, ചാന്ദ്രമണ്ഡലഘടന, അന്തരീക്ഷം, മൂലകങ്ങളുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം പഠനവിധേയമാക്കും. റോവർ ശേഖരിക്കുന്ന വിവരങ്ങളും ഫോട്ടോകളും ലാൻഡറിലേക്ക‌് കൈമാറും. അവിടെനിന്ന‌് ഓർബിറ്ററിലേക്കും തുടർന്ന‌് ഭൂമിയിലേക്കും തൽസമയം ലഭ്യമാകും.

വിക്ഷേപണത്തിന‌് മുന്നോടിയായുള്ള ലോഞ്ച‌് ഓതറൈസേഷൻ ബോർഡ‌് യോഗം ശനിയാ‌ഴ‌്ച ശ്രീഹരിക്കോട്ടയിൽ ചേർന്നു. ഇരുപതു മണിക്കൂർ കൗണ്ട‌് ഡൗൺ ഞായറാഴ‌്ച രാവിലെ ആരംഭിക്കും. വിക്ഷേപണവാഹനത്തിൽ ഇന്ധനം നിറയ‌്ക്കുന്നതും ഞായറാഴ‌്ചയാണ‌്. ചാന്ദ്രയാൻ ദൗത്യത്തിന‌് നേതൃത്വം നൽകുന്നത‌് രണ്ട‌് വനിതകളാണ‌്. മിഷൻ ഡയറക്ടർ റിതുകൃതലും വെഹിക്കിൾ ഡയറക്ടർ എം വനിതയും. ജിഎസ‌്എൽവിയുടെ വെഹിക്കിൾ ഡയറക്ടർ മലയാളിയായ ജെ ജയപ്രകാശാണ‌്.

ദൗത്യം വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. സോഫ‌്റ്റ‌് ലാൻഡ‌് ചെയ്യുന്ന നാലാമത്തെ രാജ്യവും. ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവയാണ‌് മറ്റുള്ളവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News