കോഴിക്കോട് ഓമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി സ്വർണ്ണം കവർന്ന സംഭവത്തിൽ പിടിയിലായ മോഷ്ടാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശുകാരനായ നയീമിനെ ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. 12 പവൻ സ്വർണ്ണവുമായി കടന്ന രണ്ട് പേർക്കായി കൊടുവള്ളി പോലീസ് അന്വേഷണം ഊർജിതമാക്കി.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 3 അംഗ സംഘം ജ്വല്ലറിയിലെത്തി ആഭരണങ്ങൾ കവർന്നത്. മുഖം മൂടിയും കയ്യിൽ ഗ്ലൗസും ധരിച്ചത്തിയ സംഘം ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി ആഭരണങ്ങൾ കവരുകയായിരുന്നു. 15 വളകൾ നഷ്ടമായി, ഇത് 12 പവൻ വരും. മോഷ്ടാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ജ്വല്ലറി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് കീഴ്പ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ബംഗ്ലാദേശുകാരനായ നയീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രക്ഷപ്പെട്ട 2 പേരും ബംഗാൾ സ്വദേശികളാണന്നാണ് സൂചന. കീഴ്പ്പെടുത്തുന്നതിനിട ബോധം നഷ്ടമായ നയീം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാളെ ചോദ്യം ചെയ്താൽ മറ്റ് രണ്ട് പേരെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ഒരു തോക്ക്, കത്തി, മൊബൈൽ ഫോൺ എന്നിവ പിടിയിലായ നയീമിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. 7 മണിയോടെ ജ്വല്ലറിയുടെ ഷട്ടർ പാതി താഴ്ത്തി സ്റ്റോക്ക് എടുത്തുന്നതിനിടെയാണ് മോഷണ സംഘമെത്തിയത്. ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാവിനെ കീഴ്പ്പെടുത്തുന്നതിനിടെ 2 ജ്വല്ലറി ജീവനക്കാർക്കും പരിക്കേറ്റു. അതേ സമയം കോഴിക്കോട് ചെലവൂരിലും രാത്രിയിൽ മോഷണ ശ്രമം നടന്നു. പുലർച്ചെ പോലീസ് പെട്രോളിംഗിനിടെയാണ് ജ്വല്ലറിയുടെ പൂട്ട് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം തുടങ്ങി.

Get real time update about this post categories directly on your device, subscribe now.