കർണാടകയിലെ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോണ്ഗ്രസ്- ജെഡിഎസ് ശ്രമം തുടരുന്നു. ചർച്ചകൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ബംഗളൂരുവിൽ എത്തി. ഹർജി നൽകിയെങ്കിലും എം ടി ബി നാഗരാജ്, കെ സുധാകർ എന്നിവർ രാജി തീരുമാനം പിന്വലിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രതീക്ഷ

ആറ് വിമതരെ എങ്കിലും രാജി തീരുമാനം പിൻ വലിപിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് ജെ ഡി എസ് ശ്രമം. എന്നാൽ അനുനയ ശ്രമങ്ങൾ ഒരാഴ്ച എത്തിയിട്ടും ഒരാൾ പോലും പൂർണമായി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ ജി രാമലിംഗ റെഡ്‌ഡി, എംടിബി നാഗരാജ്, കെ സുധാകർ എന്നിവരുടെ കാര്യത്തിൽ കോൺഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല. നിലപാട് മയപ്പെടുത്തിയ ഇവരിൽ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. ജി രാമലിംഗ റെഡ്‌ഡിയുടെ രാജിയിൽ നാളെ തീരുമാനം ഉണ്ടാകും. അതേസമയം അനുനയ ചർച്ചകൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി കമലനാഥ് ബംഗളൂരുവിൽ എത്തി.

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വിമതരെ ബന്ധപ്പെടുന്നുമുണ്ട്. ഇതിനിടെ സഭയിൽ പ്രത്യേക ഇരിപ്പിടം വേണമെന്ന് 2 സ്വതന്ത്ര എംഎൽഎമാർ സ്‍പീക്കറോട് ആവശ്യപ്പെട്ടു. ബിജെപിയും കാര്യമായ ആശങ്കയിലാണ്. 2ഓ മൂന്നോ വിമതരെ അനുനയിപ്പിച്ച് ബാക്കിയുള്ളവരെ ബിജെപിയിൽ നിന്ന് അടർത്താൻ കോൺഗ്രസ് ശ്രമിക്കുമോ എന്നാണ് ബിജെപിയുടെ പേടി. പല പാർട്ടി എംഎൽ എ മാർ ഭരണകക്ഷിയുമായി കൂടിക്കാഴ്ചകൾ നടത്തിയത് ബിജെപി ആശങ്കയോടെ നോക്കി കാണുന്നു. നാളെയാകും വിശ്വാസ വോട്ടെടുപ്പിന്റെ തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

തീയതി നിശ്ചയിക്കാൻ സ്‍പീക്കർ നാളെ പ്രതിപക്ഷവുമായി കൂടിക്കാഴ്ച്ച നടത്തും. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ് ബിജെപി നിലപാട്.