പ്രളയപുനര്‍ നിര്‍മാണം; 1600 കിലോമീറ്റര്‍ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ ജര്‍മന്‍ ബാങ്ക് സഹായം

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന 1,600 കിലോമീറ്റർ റോഡിന്റെ പുനർനിർമാണത്തിന‌് ജർമൻ ബാങ്കിന്റെ വായ‌്പാസഹായം പ്രയോജനപ്പെടുത്തും. റീ ബിൽഡ‌് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുനർനിർമാണത്തിന‌് 2,800 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത‌്.

ജർമൻ ബാങ്ക‌് കെഡബ്ല്യുഎഫ് 1,400 കോടി രൂപ വാഗ‌്ദാനം ചെയ്തിട്ടുണ്ട്. തുക ഉടൻ ലഭ്യമാകും. 50 ശതമാനം സംസ്ഥാനവിഹിതം ഉൾപ്പെടെ ഈ വർഷം 2100 കോടി രൂപ ഈ റോഡുകളുടെ നിർമാണത്തിന‌് ലഭ്യമാകും. 15 വർഷം നിലനിൽക്കുമെന്ന് കരാറിലൂടെ ഉറപ്പാക്കിയാണ് റോഡ് നിര്‍മാണം.

പ്രളയത്തിൽ സംസ്ഥാനത്ത‌് 16,965 കിലോമീറ്റർ റോഡ് തകര്‍ന്നു. റോഡുകൾക്ക് 13,521 കോടിയുടെയും പാലങ്ങൾക്ക് 568.35 കോടി രൂപയുടെയും നഷ്ടമുണ്ടായി.

നിലവിൽ 2400 കിലോമീറ്റർ റോഡുകളുടെ ഉപരിതലം പുതുക്കുന്നതിന‌് 1,897 കോടി രൂപയുടെ ഭരണാനുമതിയായി. 163 കിലോമീറ്റർ റോഡ‌് പൂർത്തിയാക്കി.

കേന്ദ്രം അനുവദിച്ചത‌് 103 കോടി മാത്രം

ദേശീയപാതകൾ ഉൾപ്പെടെ, പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനുമായി കേന്ദ്രസർക്കാർ കേരളത്തിന‌് അനുവദിച്ചത‌് 103.34 കോടി രൂപമാത്രം.

സംസ്ഥാന റോഡുകൾക്കായി അനുവദിച്ച 71.25 കോടി രൂപ 1,149 കിലോമീറ്റർ റോഡുകളിലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ‌് മാറ്റുന്നതിനും അടിയന്തര അറ്റകുറ്റപ്പണികൾക്കുമായി ഉപയോഗിച്ചു‌.

ഇടുക്കി,വയനാട‌്,കോഴിക്കോട‌്, തൃശൂർ, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ദേശീയപാതയിലുണ്ടായ തകർച്ച പരിഹരിക്കുന്നതിന‌് 32.09 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here