പാലക്കാട് തൃത്താലയിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി. സ്കൂളിന് സമീപത്തെ സ്റ്റേഷനറി കടയുടമ കൃഷ്ണനെതിരെ തൃത്താല പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്

സ്കൂളിനോട് ചേർന്നുള്ള കടയിലെത്തുന്ന കുട്ടികൾക്ക് മിഠായിയും മറ്റും നല്കി അമ്പത്തിയേഴ് വയസ്സുകാരനായ കൃഷ്ണൻ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ചൂഷണത്തിനിരയായ ഒരു കുട്ടി അധ്യാപകരോട് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായതായി കണ്ടെത്തി.

അധ്യാപകളും രക്ഷിതാക്കളും സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് 59 പെൺകുട്ടികളിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തൃത്താല പോലീസ് സ്കൂളിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ മറ്റുള്ള കുട്ടികളുടെ കൂടി മൊഴിയെടുക്കും.

വർഷങ്ങളായി കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കി വന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭീഷണിത്തുടർന്ന് കുട്ടികൾ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുകയായിരുന്നു. കൃഷ്ണന്റെ വീട്ടിലും കടയിലും പരിശോധന നടത്തിയെങ്കിലും പോലീസിന് ഇയാളെ പിടി കൂടാനായിട്ടില്ല.