സാമൂഹ്യ രാഷ്ട്രീയ സേവന രംഗത്ത് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ നാടിനാകെ മാതൃകയായിരുന്ന സഖാവ് കുഞ്ഞേട്ടന്റെ ഓര്‍മ്മകള്‍ പുതുക്കി വെങ്ങിനിക്കര എന്ന ഒരു നാടാകെ ഒത്തുകൂടി.

എം.കുട്ടികൃഷ്ണന്‍ എന്ന കുഞ്ഞേട്ടന്‍ വെങ്ങിനിരിക്കര എന്ന ഗ്രാമത്തിന് എന്തായിരുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമായി മാറുകയായിരുന്നു സിപിഐഎം വെങ്ങിനിക്കര ബ്രാഞ്ച് കമ്മറ്റി വെങ്ങിനിക്കര വള്ളത്തോള്‍ കോളേജ് ഓഡിറ്റിയറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം.

അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉത്ഘാടനം ചെയ്തു.തന്റെ പൊതു പ്രവര്‍ത്തന കാലയളവില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി തന്റെ അടുത്ത് ഇത്രയും തവണ വന്ന മറ്റൊരു വ്യക്തിയില്ലെന്ന് കുഞ്ഞേട്ടനെ കെ ടി ജലീല്‍ അനുസ്മരിച്ചു.

സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫസര്‍ എം.എം നാരായണന്‍ ചടങ്ങില്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

അരങ്ങില്‍ നിന്നല്ലാതെ അണിയറയില്‍ നിന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്ന് എം.എം നാരായാണന്‍ അനുസ്മരിച്ചു.

അനുസ്മരണ ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും മന്ത്രി കെ ടി ജലീല്‍ ആദരിച്ചു.

കുഞ്ഞേട്ടന്‍ ഉയര്‍ത്തി പിടിച്ച മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയം സമൂഹത്തില്‍ കൂടതല്‍ ഉച്ചത്തില്‍ പറയേണ്ട കാലഘട്ടമാണ് കടന്ന് പോകുന്നതെന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ കുഞ്ഞേട്ടനെ അനുസ്മരിച്ചു.