കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകി മിഴി പദ്ധതിയുമായി ആരോഗ്യവകുപ്പ്

കുരുന്നു കാഴ്ചകള്‍ക്ക് തിളക്കമേകി മിഴി പദ്ധതി. കാഴ്ചാ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ കണ്ണട വിതരണത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. പരിശോധനയിലൂടെ കണ്ടെത്തിയ കാഴ്ച വൈകല്യമുള്ള സ്‌കൂൾ കുട്ടികൾക്ക് കണ്ണട വിതരണം ചെയ്തുകൊണ്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മിഴി സമഗ്ര നേത്ര സംരക്ഷണ പരിപാടിയിലൂടെയാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കാഴ്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്തത്.അന്ധത നിരക്ക് കുറക്കുക, നേത്രാരോഗ്യം സംരക്ഷിക്കുക, ദൃഷ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ദേശീയ അന്ധത നിയന്ത്രണ പരിപാടി നടപ്പാക്കുന്നത്.

മുഴുവന്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് മിഴി എന്ന പേരില്‍ സമഗ്ര നേത്ര സംരക്ഷണ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം വഴി അധിക ഒപ്‌റ്റോമെട്രിസ്റ്റുമാരെ നിയമിക്കുകയും സ്‌കൂളുകളിലേക്ക് വിഷന്‍ ചാര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാഴ്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് കണ്ണടകള്‍ക്കും ആവശ്യമായിട്ടുള്ളവരെ വിദഗ്ധ ചികിത്സയ്ക്കും നിര്‍ദ്ദേശിച്ചു.കണ്ണൂർ ജില്ലയിൽ 6806 കുട്ടികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം കണ്ണടകള്‍ നല്‍കുന്നത്. കാഴ്ചാ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

ഡിസ്ട്രിക്ട് ബ്ലൈന്‍ഡ്‌നെസ്സ് കണ്‍ട്രോള്‍ സൊസൈറ്റി, എന്‍പിസിബി, ആരോഗ്യവകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുഴുവന്‍ അങ്കണവാടികളിലേക്കും അടുത്ത ഘട്ടത്തില്‍ പദ്ധതി വ്യാപിപ്പിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായ ഒപ്‌റ്റോമെട്രിസ്റ്റുമാര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here