ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് ; സുബ്രഹ്മണ്യ ദാസിന്റെ ഓർമ്മകളുമായി പ്രേം ചന്ദ്

നമ്മൾ ഒരു തോറ്റ ജനതയാണെന്ന് എഴുതി വെച്ചാണ് 35 വർഷങ്ങൾക്ക് മുമ്പ് കവിയും വിപ്ലവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സുബ്രഹ്മണ്യ ദാസ് തീവണ്ടിക്ക് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. മലയാളിക്ക് സുബ്രഹ്മണ്യദാസ് ആരായിരുന്നു?

ദാസിന്റെ സുഹൃത്തും സഖാവുമായിരുന്ന പ്രേംചന്ദ് ആ മരണത്തെയും ഓർമ്മയെയും കുറിച്ച് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

“മനസ്സ് നുറുക്കിയ ഒരു പ്രിയ സഖാവിന്റെ ആത്മഹത്യക്ക് 35 വർഷം പിന്നിടുമ്പോൾ ശേഷം മരിച്ചവൻ ആരായിരുന്നു എന്ന് ആ മരണത്തിനുശേഷം ജനിച്ച തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് പോലെ ദുഷ്‌കരമായി ഒന്നുമില്ല. 1984 ജൂലായ് 14 അല്ല 2019 ജൂലായ് 14. ലോകം അടിമുടി മാറിപ്പോയി, മനുഷ്യരും .

തിരിഞ്ഞു നോക്കുമ്പോൾ ആത്മഹത്യയില്‍ അവസാനിപ്പിച്ച സുബ്രഹ്മണ്യദാസ് ഒരു വലിയ പരാജയത്തിന്റെ ഭാഗമാണ്. എന്നാല്‍ ചരിത്രമെന്നത് ജയിച്ചവരുടെ മാത്രമല്ല, തോറ്റവരുടേതുകൂടിയാണ് എന്നോർക്കുമ്പോൾ ജയാരവങ്ങളുടെ സുന്ദരഭീകരതകള്‍ക്കപ്പുറത്ത് സുബ്രഹ്മണ്യദാസിന്റെ ഓർമ്മ വീണ്ടും തെളിഞ്ഞുവരുന്നു.

നേട്ടത്തിന്റെ ഏത് പിരമിഡുകളിലേക്ക് നോക്കിയാലും വീണ്ടും വീണ്ടും തോല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയെ അതിന്റെയൊക്കെ അടിയില്‍ കാണാം. അവരുടെയൊക്കെ വര്‍ത്തമാനത്തിന്റെ ഉള്ളിലേക്കാണ് സുബ്രഹ്മണ്യദാസ് എന്ന യുവാവ് റെയില്‍പ്പാളം തുരന്ന് കടന്നുപോയത്.

1977-82, അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ഹ്രസ്വമായ ഉണര്‍വുകള്‍ക്ക് ശേഷമുള്ള കേരളത്തില്‍ ബാലചന്ദ്രൻ ചുള്ളിക്കാട് പാടിയത് പോലെ ‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം’ ജീവിച്ച യൗവ്വനത്തിന്റെ കാലമായിരുന്നു അത്. 1980-ലാണ് ബാലചന്ദ്രന്റെ ‘മാപ്പുസാക്ഷി’ വരുന്നത്. യുവകവി സനില്‍ദാസിന്റെ ആത്മഹത്യ 81-ല്‍ സച്ചിദാനന്ദനെക്കൊണ്ട് ‘വേനല്‍മഴ’ യും എഴുതിച്ചു. എന്നാല്‍, കവിതയ്‌ക്കോ തത്ത്വചിന്തയ്‌ക്കോ ഉണക്കാന്‍ പറ്റുന്നതായിരുന്നില്ല ആ കാലം സുബ്രഹ്മണ്യദാസിലുണ്ടാക്കിയ മുറിവുകള്‍.

ജീവിത രേഖയില്‍ കെ.ജി. സുബ്രഹ്മണ്യദാസ് 1958-ല്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍പ്പെട്ട പെരിഞ്ഞനത്ത് കൂടക്കര ഗോപാലകൃഷ്ണന്‍ എന്ന ജവാന്റെയും പെരിഞ്ഞനത്തെ അയ്യപ്പന്‍ മെമ്മോറിയല്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക പാര്‍വതിടീച്ചറുടെയും മകനായി പിറന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ ബി.എസ്‌സി.ക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം വരവില്‍ വീട് വിട്ട് 1978-ല്‍ സി.പി.ഐ(എം.എല്‍.) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1981-ല്‍ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടിവിട്ട് വീട്ടിലേക്ക് മടങ്ങി. 1982-ല്‍ മരിക്കുംവരെയും എഴുത്തും വായനയും സംവാദങ്ങളും തുടര്‍ന്നു.

‘വിദ്യാഭ്യാസം എന്ന ഗൂഢാലോചന’ എന്ന പ്രമേയത്തില്‍ 1978-ല്‍ ക്രൈസ്റ്റ്‌കോളേജ് വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കോളേജ് മാഗസിന്‍ ചര്‍ച്ച ഇന്നും നമ്മുടെ രാഷ്ട്രീയകേരളത്തിന് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലുള്ള വിദ്യാഭ്യാസ സ്വപ്നങ്ങളാണ് . ഗുരു കൂടിയായ കവി സച്ചിദാനന്ദനോടൊപ്പം ദാസ് എഡിറ്റ്‌ചെയ്ത ചര്‍ച്ചയായിരുന്നു അത്. ലാറ്റിനമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനും വിപ്ലവകാരിയുമായ പൗലോ ഫ്രെയറിന്റെ ചിന്തകളുടെ തീര്‍ത്തും കേരളീയസന്ദര്‍ഭത്തിലുള്ള ഒരു സൈദ്ധാന്തിക പ്രയോഗമായിരുന്നു അത്.

പാര്‍ട്ടിക്കാലം സുബ്രഹ്മണ്യദാസിനെ സംബന്ധിച്ചിടത്തോളം സമര്‍പ്പണത്തിന്റെ കാലമായിരുന്നു. അക്കാലത്ത് വയനാട്ടിൽ നടന്ന രണ്ട് ഉന്മൂലന സമരത്തെ തുടർന്ന് പാര്‍ട്ടിക്കുള്ളിൽ നടന്ന ആശയ സമരത്തെത്തുടര്‍ന്ന് പാർട്ടി വിട്ട് പുറത്തുവന്ന ദാസ് പാര്‍ട്ടിക്കകത്തുണ്ടായിരുന്ന അവസാനനാളുകളില്‍ തുടങ്ങിവെച്ച അന്വേഷണങ്ങള്‍ മലയാളി മാര്‍ക്‌സിസങ്ങളിലെ ഇരുണ്ട മേഖലകളിലാണ് വെളിച്ചം വീശിയത്.’ഒരു രീതിക്കായുള്ള അന്വേഷണം’ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മരണംവരെയും അത് തുടര്‍ന്നു. കൊടുങ്ങല്ലൂർ സൂര്യകാന്തിയിൽ ടി.എന്‍. ജോയ് ദാസിന് കൂട്ടായി.

(പണ്ട് ജോയ് ദാസിന് വഴികാട്ടിയായി എന്ന് എഴുതിയപ്പോൾ അത് ജോയിക്ക് ഇഷ്ടമായിരുന്നില്ല, വഴികാട്ടി എന്ന പ്രയോഗം ജോയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അത് കൂട്ടായി എന്ന് തിരുത്തുന്നു , ഇത് കാണാൻ ജോയ് ഇന്ന് ഒപ്പമില്ലെങ്കിലും).

തത്ത്വചിന്താ അഭ്യാസികളുടെ പുതിയ ലഹരിയായ സ്ലാവോജ് സിസെക്ക് ഒരു അഭിമുഖത്തില്‍ ”ഞാന്‍ എന്നെത്തന്നെ കാണാന്‍ ഭയപ്പെടുന്നു” എന്ന് പറഞ്ഞത് ഇവിടെ ഓർക്കാം. സ്വയം കാണാന്‍ പോലും എല്ലാവര്‍ക്കും മടിയാണെന്ന് അന്നേ ദാസ് എഴുതി. സ്വന്തം ഉള്ളിലേക്കും സ്വന്തം ജനതയുടെ മൗനത്തിലേക്കും ധീരമായി നോക്കി എന്നതാണ് ദാസിനെ ഇന്ന് പ്രസക്തമാക്കുന്നത്. ആ ബുദ്ധനോട്ടത്തിന്റെ ആവിഷ്‌കാരമാണ് അവന്റെ രചനകള്‍. 35 വർഷം പിന്നിടുമ്പോഴും ആ നോട്ടത്തിന്റെ തീവ്രതയും മൂര്‍ച്ചയും ഒട്ടും കുറഞ്ഞിട്ടില്ല.

ദാസിന്റെ കൂട്ടുകാര്‍ ഒന്നിച്ച് പുറത്തിറക്കിയ അവന്റെ എഴുത്തുകളുടെ സമാഹാരമായ ‘സുബ്രഹ്മണ്യദാസ് ഇന്നും’ എന്ന പുസ്തകം സമര്‍പ്പിച്ചത് കേരളത്തിന്റെ പുതിയ യൗവനത്തിനായിരുന്നു . അവരതറിഞ്ഞോ അത് വായിച്ചോ എന്നതൊക്കെ വേറെക്കാര്യം ( സാധ്യത കുറവാണ് ) . ദാസിനോടൊപ്പം വീടുവിട്ടിറങ്ങി പാര്‍ട്ടിയിലേക്കുപോയ ദാസിന്റെ ആത്മമിത്രമായ പി.കെ. അശോക് കുമാറാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചത്.

മരിക്കുമ്പോള്‍ 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ ദാസിന്. 1978-82ല്‍ സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ‘ഉത്തര’ത്തിന്റെ കൂടിയാലോചനയോഗത്തില്‍വെച്ചാണ് ദാസിനെ അവസാനമായി കാണുന്നത്. ‘ഉത്തര’ത്തിന്റെ ആദ്യലക്കത്തിനായി ഒന്നും ചെയ്യാനാവാത്തതിന്റെ വിഷമത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ തന്റെ പേരുവെക്കരുതെന്ന് ദാസ് നിര്‍ദേശിച്ചിരുന്നു. മരിക്കുമ്പോള്‍ ദാസിന്റെ കീശയിലുണ്ടായിരുന്ന ‘അധികാരവ്യവസ്ഥയിലെ വര്‍ഗസമരം’ എന്ന ലേഖനംതന്നെ ഇന്ന് തിരിഞ്ഞുനോക്കുമ്പോഴും ഒരു ആത്മബലിയുടെ ഒസ്യത്തായി തോന്നുന്നു .കമ്യൂണിസ്റ്റ് പാര്‍ട്ടികൾ മനുഷ്യത്വരഹിതമായ അധികാരഘടനയുടെ ഭാഗമായിത്തീരുന്നതോടെ രൂപംകൊള്ളുന്ന മൗനത്തെ എങ്ങനെ അതിജീവിക്കാനാവുമെന്ന അന്വേഷണമായിരുന്നു ആലേഖനം.

‘മനുഷ്യത്വരഹിതമായ ഈ വ്യവസ്ഥാപിത പ്രാകൃതത്വത്തില്‍ത്തന്നെ സ്വന്തം പ്രകൃതിയെ കണ്ടെത്തുന്നതോടെ അയാള്‍ സ്വന്തം മൗനത്തെ അതിജീവിക്കുന്നു’ എന്ന് ദാസ് അവസാനലേഖനത്തിന് അടിക്കുറിപ്പ് എഴുതിവെച്ചു. ഈ ലേഖനത്തിന്റെ അരികുകളിലാണ് ‘കേരളീയര്‍ ഒരു തോറ്റ ജനതയാണ്’ എന്ന് കുറിച്ചിട്ടത്.
അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ഒരു തലമുറയുടെ പ്രതീക്ഷയായി ഉയര്‍ന്ന ജനകീയ സാംസ്‌കാരികവേദിയുടെ തോറ്റയുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു ആ ചിന്ത.

ദാസിന്റെ മരണം കവി സച്ചിദാനന്ദനെക്കൊണ്ട് വീണ്ടും എഴുതിച്ച ‘ഒഴിഞ്ഞമുറി’യിലെ ”ഒരമ്മയുടെ കണ്ണീരിന് കടലുകളില്‍ ഒരു രണ്ടാംപ്രളയമാരംഭിക്കാന്‍ കഴിയും” എന്ന വരികള്‍ ഒരാഗ്രഹചിന്തയാണ്. ഒന്നും സംഭവിച്ചിട്ടില്ല. അമ്മമാർ വീണ്ടും പ്രളയങ്ങളുണ്ടാകാത്ത കണ്ണുനീർ പൊഴിച്ചു കൊണ്ടേയിരിക്കുന്ന കേരളമാണ് അതിജീവിച്ചു നിൽക്കുന്നത്.

‘സുബ്രഹ്മണ്യദാസ് ഇന്നും’ എന്ന പേരിൽ ദാസിന്റെ ഓർമ്മക്ക് കൂട്ടുകാർ പണിത പുസ്തകസ്മാരകം പുറത്തിറങ്ങിയിട്ട് വർഷങ്ങളായി. അതിന്റെ തൃശൂരിലെ പ്രകാശനച്ചടങ്ങിൽ ദാസിന്റെ അമ്മ പാര്‍വതിടീച്ചര്‍ സാക്ഷിയായിരുന്നു. ദാസിന്റെ കൂട്ടുകാര്‍ക്ക് ചരിത്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാവ്യനീതിയായിരുന്നു ആ അമ്മ ജീവിച്ചിരിക്കുമ്പോൾ ആ പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞത്.

അമ്മ അറിയാന്‍, അമ്മയെ അറിയാന്‍ പുറപ്പെട്ടു പോയി തിരിഞ്ഞു നോക്കാത്ത മക്കള്‍ തിരിച്ചെത്തുന്ന നിമിഷം പോലെ ഒരനുഭവം അന്ന് ആ സദസ്സിലിരിക്കുമ്പോൾ അനുഭവിക്കാനായിരുന്നു .

രാജന് നീതികിട്ടാന്‍ ഇൗച്ചരവാര്യര്‍ കാത്തിരുന്നത് പോലുള്ള കാത്തിരിപ്പായിരുന്നു ദാസിന്റെ അമ്മ പാര്‍വ്വതി ടീച്ചറുടെ കാത്തിരുപ്പ് എന്ന് തോന്നി. പിന്നെ അവരും ദൗത്യങ്ങൾ അവസാനിപ്പിച്ച് ഈ ലോകത്ത് നിന്നും തിരിച്ചു പോയി. കൊടുങ്ങല്ലൂരിലെ സൂര്യകാന്തിയില്ലാക്കാലത്ത് ടി.എൻ. ജോയിയും നജ്മൽ എൻ ബാബു വായി മരണത്തിലേക്ക് തിരിച്ചു പോയി.

1984 ! തിരഞ്ഞു നോക്കുമ്പോൾ വലിയ അടയാള വർഷമാണ്. ഓർവെൽ അത് മുമ്പേ പറഞ്ഞു. അന്ന് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിൽ സോഷ്യൽ ഫാസിസമാണ് എന്ന് മുദ്രാവാക്യം വിളിച്ച് രാഷ്ട്രീയത്തിലിറങ്ങിയവർ തളർന്ന് വീടുകളിലേക്ക് പിൻവാങ്ങിയിരുന്നു.
പിന്നെ ഗോർബച്ചേവ് വന്നു. ഗ്ലാസ്സ്നോസ്ത് വന്നു. പെരിസ്ട്രോയിക്ക വന്നു. സോവിയറ്റ് യൂണിയനും ബെർലിൻ മതിലും ഇല്ലാതായി. ഭൂപടം പല തവണ മാറ്റിവയ്ക്കപ്പെട്ടു. എന്നാൽ നീതിയുടെ വൃക്ഷം പൂത്തോ ?

നീതിയുടെ വൃക്ഷം പൂക്കും എന്നൊക്കെ കവിതയിൽ പ്രത്യാശിക്കാം. സച്ചിദാനന്ദന്റെ നീതിയുടെ വൃക്ഷം മറക്കാതിരിക്കാനുള്ള ഞങ്ങളുടെ തലമുറക്കുള്ള ഓർമ്മപ്പെടുത്തലായിരുന്നു. ആ പാഠം മറന്നിട്ടില്ല. അതു കൊണ്ട് ഇന്നും രാജനെ ഓർക്കുന്നു. ദാസിനെ ഓർക്കുന്നു. രാജന്റെ മൃതദേഹം എന്തു ചെയ്തു എന്നു പറയാൻ അവന്റെ അമ്മയും (അമ്മമാർ പേരോർക്കപ്പെടാൻ പോലും കഴിയാത്ത ആൺ ചരിത്രങ്ങളുടെ ഇരുട്ടിലാണിന്നും ) അച്ഛൻ ഈച്ചരവാര്യരും ഇല്ലെങ്കിലും ആരും പറഞ്ഞില്ല . അത് ചെയ്തവർ ഇന്നും ഇവിടെ എവിടെയൊക്കെയോ ഉണ്ടാകും.

തോറ്റ ജനത എന്ന പേരിനേക്കാളും യോജിക്കുന്ന മറ്റൊരു പേര് 35 വർഷമായിട്ടും നമ്മുടെ ജനതക്ക് കിട്ടിയില്ലല്ലോ പ്രിയപ്പെട്ട ദാസ് ….”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News