ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർ കലാശകാഴ്ചകൾക്കൊടുവിൽ തോല്‍ക്കാതെ തോറ്റ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച് വിവാദങ്ങളുയരുന്നു.

കായികരംഗത്തുമാത്രം നീതിയുള്ള ഫലങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ലെങ്കിലും ക്രിക്കറ്റ് നിയമങ്ങളുടെ അപാകതയാണ് ഇംഗ്ലണ്ടിനെ കിരീടത്തിലേക്കും ന്യൂസിലന്‍ഡിനെ തോല്‍വിയിലേക്കും നയിച്ചതെന്ന് പറയാതെ വയ്യ.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവറായിരുന്നു ലോഡ്‌സില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഫൈനലില്‍ കണ്ടത്.

നിശ്ചിത ഓവറില്‍ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറും ടൈ ആയതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയത് മാനദണ്ഡമാക്കി ഇയാന്‍ മോര്‍ഗന്‍റെ ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി.

ക്രിക്കറ്റിലെ ഓരോ നിയമങ്ങളും എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിനെതിരെയും നേറ്റ് റണ്‍റേറ്റ് നിശ്ചയ രീതിയെക്കുറിച്ചും ഏറ്റവുമൊടുവില്‍ നടപ്പിലാക്കിയ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിനെതിരെയും പരാതികള്‍ സുലഭമാണ്.

മ‍ഴ കളി തടസപ്പെടുത്തുമ്പോള്‍ ഉപയോഗിക്കുന്ന ഡക്ക് വര്‍ത്ത് ലൂയിസം നിയമം ഇന്നും വിമര്‍ശനങ്ങള്‍ക്കിടയാക്കാതെ ഉപയോഗിക്കാന്‍ ഐ സി സിക്ക് ക‍ഴിഞ്ഞിട്ടില്ല.

നിയമപുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഓവര്‍ നിയമം അണുവിടെ തെറ്റിക്കാതെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച ഐ സി സി ഓവര്‍ത്രോ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ലെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ചോദിക്കുന്നു.

ഐ.സി.സിയുടെ 19.8 നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും.

എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.’

ഗുപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്‌റ്റോക്ക്‌സും ആദില്‍ റഷീദും രണ്ടാം റണ്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് 5 റണ്‍സ് മാത്രം.

പക്ഷേ ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഇംഗ്ലണ്ടിന് നല്‍കിയത് ആറ് റണ്‍സും. ഓരോ റണ്ണും വിലപ്പെട്ട ആ സമയത്ത് ഇംഗ്ലണ്ടിന് അധികം ലഭിച്ച റണ്‍സ് ഒന്ന് കുറഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകാമാന്‍ സാധ്യതയുണ്ടായിരുന്നു.

ലോകകപ്പ് ഫൈനലിലെ സ്കോര്‍ നോക്കുക. നിശ്ചിത 50 ഓവറിലും സൂപ്പര്‍ ഓവറിലും ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേടിയത് ഒരേ സ്കോര്‍. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായത് ഇംഗ്ലണ്ടിന്. സൂപ്പര്‍ ഓവറില്‍ സിക്സടിച്ചത് ന്യൂസീലന്‍ഡ്. എന്നിട്ടും നിയമം തുണച്ചത് ഇംഗ്ലണ്ടിനെ. മത്സരത്തിലുടനീളം ഇംഗ്ലണ്ട് 26 തവണ പന്ത് ബൗണ്ടറി ലൈന്‍ കടത്തിയപ്പോള്‍ ന്യൂസീലന്‍ഡ് അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് പന്ത് കടത്തിയത് 17 തവണ മാത്രം. സൂപ്പര്‍ ഓവറിലെ ഈ വിചിത്ര നിയമത്തെയാണ് മുന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും ചോദ്യം ചെയ്യുന്നത്.

ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് മുന്‍ ഓസ്ട്രേലയന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു.

ക്രൂരത എന്നായിരുന്നു ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്‍റെ ട്വീറ്റ്.

ഇത് ഐ സി സിയുടെ വിഡ്ഢി നിയമം എന്നായിരുന്നു ഗൗതം ഗംഭീന്‍റെ ട്വീറ്റ്.

ഈ നിയമം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫും പറയുന്നു.

കൂടുതല്‍ എയ്‌സ് പായിച്ചയാളെ ടെന്നീസില്‍ വിജയിയായി പ്രഖ്യാപിച്ച ചിരത്രമില്ലെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രിക്കറ്റ് ഫൈനലിന്‍റെ അതേസമയത്ത് നടന്ന വിംബിള്‍ഡണ്‍ ഫൈനലിലെ ടൈ

ബ്രേക്ക് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഫുട്ബോളിലാകട്ടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചാല്‍ ഷൂട്ടൗട്ടും തുടര്‍ന്ന് സഡന്‍ഡെത്തുമാണുള്ളത്. പിന്നീട് ടോസും.

ക്രിക്കറ്റിന്‍റെ ലോകജേതാക്കളെ കണ്ടെത്തുമ്പോള്‍ കറതീര്‍ന്ന കളിനിയമങ്ങള്‍ ഉണ്ടാവണം. അതല്ലെങ്കില്‍ കിരീടം പങ്കിടേണ്ടിയിരുന്നു.

ഇതുവരെ നടന്നതില്‍ മികച്ച ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനായിരുന്നു ഇന്നലെ ലോഡ്സില്‍ കണ്ടത്. ജയപരാജയങ്ങള്‍ പലവട്ടം മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറും ടൈയായതോടെ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു വേണ്ടത്. അതായിരുന്നു സ്പോട്സ്മാന്‍ സ്പിരിറ്റും.