‘വ്യാജ പതിപ്പ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് പതിനെട്ടാം പടിയെ തകർക്കുവാൻ ശ്രമിക്കുന്നു’ : ശങ്കർ രാമകൃഷ്ണൻ

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ് ഓണ്‍ലൈൻ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് സിനിമയെ തകര്‍ക്കുന്നുവെന്ന് പ്രതിഷേധം അറിയിച്ചു സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ രംഗത്ത്.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ പൈറസി സൈറ്റുകള്‍ വഴി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇരുപത്തി എട്ടോളം വ്യാജ ലിങ്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു എന്നും അറിയിച്ചു.

എന്നിട്ടും ഓരോ ദിവസവും പുതിയ സൈറ്റുകള്‍ വഴി പതിനെട്ടാം പടി പ്രചരിക്കുകയാണെന്നും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു സിനിമയെ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നോക്കുന്നത് അതീവ ദു:ഖകരമായ അവസ്ഥയാണെന്നും ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ. ‘ഈ അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തില്‍ പൈറസി ആക്രമണമുണ്ടായിട്ടില്ല.

സിനിമ തങ്ങളുടെ കൈയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാണ്. ചെന്നൈയിലാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായി ചെയ്തത്. അവിടെ നിന്ന് സിനിമ ചോരാനുള്ള യാതൊരു സാദ്ധ്യതയുമില്ല.

ഇത് തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സൈറ്റുകള്‍ വഴി ലിങ്ക് പ്രചരിപ്പിക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും പരാതി നല്‍കിയിട്ടുണ്ട്’, ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

പതിനെട്ടാം പടിയുടെ നിർമ്മാതാവ് ഷാജി നടേശന്‍, നടി അഹാന കൃഷ്ണ നടന്മാരായ ചന്ദുനാഥ്, അംബി നീനാസം എന്നിവരും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. അറുപതോളം പുതുമുഖ നടന്മാരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശന വിജയം തുടരുകയാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന സ്‌റ്റൈലിഷ് കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു , ബിജു സോപാനം, മാല പാര്‍വതി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്‌സ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.ജൂലൈ 17നു ഗൾഫ് രാജ്യങ്ങളിൽ പതിനെട്ടാം പടി പ്രദർശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News