ധോണിക്ക് നിര്‍ബന്ധിത വിരമിക്കല്‍? ഇനി ടീമിലുണ്ടാകുമെന്ന് കരുതേണ്ടെന്ന് ബിസിസിഐ മുന്നറിയിപ്പ്; ചീഫ് സെലക്ടര്‍ ധോണിയെ കണ്ടു

ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി വിരമിക്കണമെന്ന നിലപാടിലേക്ക് ബി സി സി ഐയും. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പുകളിലേക്കു കടക്കും മുന്‍പ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷയെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിരമിക്കാന്‍ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ നിന്ന് മുംബൈ വഴി ജന്മദേശമായ റാഞ്ചിയിലെത്തിയ ധോണിയാകട്ടെ ഉടന്‍ തീരുമാനമെടുക്കുന്ന പ്രതീക്ഷയിലാണ് ബി സി സി ഐ.

ലോകകപ്പ് നേട്ടത്തോടെ രാജ്യന്താര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ വിരമിക്കല്‍ ലക്ഷ്യവുമായി ലണ്ടനിലെത്തിയ എം എസ് ധോണിക്ക് ടൂര്‍ണമെന്റിലുടനീളം കാര്യമായി ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ വിജയതൃഷ്ണ ലവലേശമില്ലാതെ ധോണിയും കേദാര്‍ ജാദവും ബാറ്റ് വീശിയതും സെമിയില്‍ ഡെത്ത് ഓവറുകളില്‍ ന്യൂസീലന്‍ഡിനെതിരെ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയതും വിമര്‍ശന വിധേയമായിരുന്നു.

ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ പോലും ധോണിയെ വിമര്‍ശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇതിന് പിന്നാലെ ധോണി ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്ന ആരാധകരുടെ മുറവിളി ബി സി സിഐയും ഏറ്റെടുക്കുന്നത്.

വിരമിക്കലുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സൂചനപോലും ധോണി നല്‍കിയിട്ടില്ല. സെമിയിലെ തോല്‍വിക്ക് ശേഷം ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ക്യാപ്റ്റന്‍ കോഹ്ലി തയ്യാറായതുമില്ല. അതേസമയം സച്ചിനാകട്ടെ റിട്ടര്‍മെന്റ് തീരുമാനം പൂര്‍ണമായും ധോണിയുടേത് മാത്രമായിരിക്കും എന്ന നിലപാടിലായിരുന്നു.

അതേസമയം ഇന്ത്യന്‍ ടീമംഗമെന്ന നിലയില്‍ ധോണിയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി-20 ലോകകിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയില്‍ ധോണി സ്വയം തീരുമാനമെടുക്കാന്‍ കാക്കുകയാണവര്‍.

ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പില്‍ കണ്ട ധോണി പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളില്‍ ബാറ്റ് ചെയ്തിട്ടും ടീമിന്റെ ആവശ്യത്തിനനുസരിച്ച് റണ്‍നിരക്ക് ഉയര്‍ത്താന്‍ ധോണിക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. പേസ് ബൗളര്‍മാരെ നേരിടന്‍ കഷ്ടപ്പെടുന്ന ധോണിയുടെ സമീപനം ചില മല്‍സരങ്ങളില്‍ ടീമിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെയില്ല. ഇതുതന്നെയാണ് 2020 ലെ ട്വന്റി-20 ലോകകപ്പ് ടീമിന്റെയും അവസ്ഥ. മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പരിഗണനയിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ താരത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം നിലയ്ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദിന, ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് കോഹ്ലിക്ക് പകരക്കാരനെ കണ്ടെത്തേണ്ട് സമയമായിട്ടുണ്ടെന്നും ഇക്കാര്യവും ബി സി സി ഐ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, മുതിര്‍ന്ന താരങ്ങളെ ടീമില്‍നിന്ന് നീക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡെന്ന് കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ പ്രതികരിച്ചിരുന്നു. 2004 തുടക്കത്തില്‍ അപ്രതീക്ഷിതമായിട്ടാണ് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്ന് വോ പുറത്താക്കപ്പെട്ടത്. എന്നാല്‍ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റ് താരങ്ങളെ ദൈവത്തെപ്പോലെയും ഇതിഹാസങ്ങളായും കാണുന്ന സാഹചര്യത്തില്‍ അത്തരമൊരു നിലപാട് ബുദ്ധിമുട്ടാണെന്നും സ്റ്റീവ് വോ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News