നവകേരള നിര്‍മിതിക്കായി ഉറച്ചകാല്‍വെപ്പോടെ മുന്നോട്ട്; രാജ്യാന്തര വികസന പങ്കാളി സംഗമം വന്‍വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന ചുവടുവെപ്പാണ് കോവളത്ത് നടന്ന രാജ്യാന്തര വികസന പങ്കാളിസംഗമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന സംഗമത്തിനു പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ഉണ്ടായത് . പ്രളയനാന്തര പുനര്‍നിര്‍മാണത്തിനു ലോകബാങ്ക് പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ക്ലേവില്‍ ലോകബാങ്ക് പ്രതിനിധി ജുനൈദ് അഹമ്മദാണ് ഈ പ്രഖ്യാപനം നടത്തിയത്. ലോകബാങ്ക് വികസന പങ്കാളിത്വം നല്‍കുന്ന രാജ്യാന്തര സംസ്ഥാനം എന്ന നിലയില്‍ കേരള ഉയരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പൂര്‍ണതോതിലുള്ള ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്മന്റ് സംവിധാനം സ്ഥാപിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയനാന്തര പ്രവര്‍ത്തനങ്ങള്‍ എല്ലാം യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. ഇനിയെന്ത് ചെയ്യാന്‍ കഴിയുമെന്നത് ചര്‍ച്ചയില്‍ തീരുമാനിച്ചു. ദുരന്ത സാധ്യതകളെ അറിയാനും അവയെ നേരിടാനും സംസ്ഥാനത്തെ തയ്യാറാക്കുക എന്നതാണ് വികസന സംഗമം മുന്നോട്ടുവെച്ചത്.

സാധാരണയുള്ള പദ്ധതി പങ്കാളികള്‍ എന്നതിലുപരി വികസന പങ്കാളി എന്ന നിലയിലാണ് ലോകബാങ്ക് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്. അടുത്ത കാലത്തൊന്നും ലോകബാങ്ക് സ്വീകരിക്കാത്ത രീതിയാണിത്. എഡിബി, ജെഐസിഎ, കേഎഫ്ഡബ്ല്യു, ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ളവരും പുനര്‍നിര്‍മാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നഗരങ്ങളിലെ ജലവിതരണത്തിനും റോഡുകള്‍ക്കും അടക്കം സഹായം നല്‍കാമെന്ന് നബാര്‍ഡ്, ഹഡ്‌കോ എന്നീ ഏജന്‍സികള്‍ അറിയിച്ചു. ടാറ്റ ട്രസ്റ്റ് , ബില് ആന്‍ഡ്‌മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഐഎഫ്ഡിസി ഫൗണ്ടേഷന്‍ എന്നിവയും പ്രത്യേകം തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കാമെന്നും വിവിധ വകുപ്പുകളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കാമെന്നും അറിയിച്ചു.

സര്‍ക്കാര്‍തലത്തില്‍ നേതൃപരമായി കൈക്കൊള്ളുന്ന നടപടികളും റീബില്‍ഡ് കേരള പദ്ധതി വഴി നടത്താനുദ്ദേശിക്കുന്ന വികസന ഇടപെടലുകളും സംബന്ധിചാണ് മുഖ്യമന്ത്രി എന്ന നിലയില്‍ സംസാരിച്ചത്. ദീര്‍ഘകാല വികസന പദ്ധതിയായ ‘റീബില്‍ഡ് കേരള’ വഴി അടിസ്ഥാനപരമായ പരിഷ്‌കാരങ്ങളും നൂതനമായ സമീപനവും ഉള്‍ച്ചേര്‍ന്ന വികസന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.

കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്ത മേഖലകളും പദ്ധതികളും

ജലവിതരണം

10 മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തനമേഖലയുള്ള 10 വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ വാട്ടര്‍ അതോറിറ്റി മുഖേന സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഗ്രാമീണമേഖലകളില്‍ ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്പാദനം, വിതരണം ഉള്‍പ്പെടെയുള്ളവ ശക്തിപ്പെടുത്താനാവുന്ന 12 പദ്ധതികള്‍ പരിഗണനയിലുണ്ട്.

ജല അതോറിറ്റിയുടെ പൂര്‍ണമാകാത്ത പദ്ധതികളുടെ പൂര്‍ത്തീകരണം, സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം, കാര്യക്ഷമതയില്ലാത്ത പമ്പുകള്‍, ഇലക്ട്രിക്കല്‍ സംവിധാനം തുടങ്ങിയവ മാറ്റി സ്ഥാപിക്കല്‍, തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ക്കായി സ്വീവറേജ്, സെപ്റ്റേജ് സംവിധാനം ഒരുക്കാന്‍ വിശദമായ പദ്ധതി രേഖ തയാറാക്കും.

സംയോജിത ജലവിഭവ മാനേജ്മെന്റ്

ഡാമുകളുടെയും റെഗുലേറ്ററുകളുടെയും കനാലുകളുടെയും പ്രളയാനന്തര അറ്റകുറ്റപ്പണി, ഡാമുകളിലെയും റിസര്‍വോയറുകളുടെയും മണല്‍നീക്കാന്‍ ആധുനിക സാങ്കേതിക സംവിധാനം തുടങ്ങിയവ സംയോജിത ജലവിഭവ മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും.

ശുചിത്വം

സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനം, ഗ്ളാസ് വേസ്റ്റ് പുനഃചംക്രമണത്തിനും തരംതിരിക്കലിനും സൗകര്യം, സര്‍ക്കാര്‍ ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍, അജൈവ മാലിന്യ ശേഖരിക്കാനും തരംതിരിക്കാനും ജില്ലാതല സൗകര്യങ്ങള്‍ തുടങ്ങിയവ ശുചിത്വത്തിന്റെ ഭാഗമായി ഒരുക്കും.

നഗരവികസനം

ജല വിതരണ പദ്ധതികള്‍, സീവറേജ്, സെപ്റ്റേജ് മാനേജ്മെന്റ് സൗകര്യം, സ്റ്റേം വാട്ടര്‍ ഡ്രെയിനേജ്, നഗര ഗതാഗത പദ്ധതികള്‍, നഗര തദ്ദേശസ്ഥാപനങ്ങളില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നഗര വികസന പദ്ധതികളില്‍ പ്രാമുഖ്യം നേടിയിട്ടുണ്ട്.

ഉപജീവനം

ഉപജീവന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് നയപരമായ ഇടപെടലുണ്ടാകും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് അധിക തൊഴില്‍ ദിനങ്ങള്‍. യുവാക്കള്‍ക്ക് വിവിധ തൊഴിലുകള്‍ക്ക് ഉതകുംവിധമുള്ള നൈപുണ്യപരിശീലനം, കുടുംബശ്രീകള്‍ക്ക് കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്, എല്ലാ വാര്‍ഡുകളിലും കമ്യൂണിറ്റി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫോഴ്സ് എന്നിവ പദ്ധതിയിലുണ്ട്.

വനം

സ്വാഭാവിക വനങ്ങളെ സംരക്ഷിക്കുന്നതിനും നാട്ടിലെ ചെറിയ വനങ്ങളും കാവുകളും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് പിന്തുണ നല്‍കും. തദ്ദേശീയമായ സസ്യജാലങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള സംവിധാനത്തിന് മുന്‍ഗണന നല്‍കും. തണ്ണീര്‍ത്തടങ്ങളും നദികളും സംരക്ഷിക്കുന്നതിനും അവയുടെ പരിസരത്തുള്ള കാടുകളെ സംരക്ഷിക്കുന്നതിനും വനവകുപ്പ് ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പിലാക്കുകയും അതിനെ ഉപജീവനവുമായി ബന്ധപ്പെടുത്തുകയും ചെയ്യും.

മത്സ്യമേഖല

ജലസംഭരണികളില്‍ മത്സ്യകൃഷി നടത്തുന്നതിനും മുത്ത് പോലെയുള്ളവ കൃഷി ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനം ഉണ്ടാക്കും. ഗ്രാമീണ മേഖലയില്‍ തൊഴില്‍ ഉണ്ടാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. തദ്ദേശീയമായുള്ള മത്സ്യങ്ങളെ പരിരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കും

കൃഷി

ഗ്രാമീണ മാര്‍ക്കറ്റുകളുടെ ശാക്തീകരണം, അട്ടപ്പാടിക്ക് സമഗ്രവും സുസ്ഥരവുമായ കാര്‍ഷിക വികസന പദ്ധതി, അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി, കുട്ടനാട്ടിലും കോള്‍ നിലങ്ങളിലും വെള്ളപ്പൊക്കനിയന്ത്രണത്തിന് പദ്ധതി തുടങ്ങിയവ കൃഷി വിഭാഗത്തില്‍ മുന്‍ഗണനയിലുണ്ട്.

മണ്ണ്, ജല സംരക്ഷണം

കുളങ്ങളുടെ സംരക്ഷണം, വാര്‍ഡ്തല സോയില്‍ ഹെല്‍ത്ത് മാപ്പിംഗ്, വാട്ടര്‍ഷെഡ് മാനേജ്മെന്റ്, മേഖലാടിസ്ഥാനത്തിലുള്ള സൂക്ഷ്മ ജലസേചനം എന്നിവ മണ്ണ് ജല സംരക്ഷണ പദ്ധതികളുടെ ഭാഗമായി നടപ്പാക്കും.

മൃഗസംരക്ഷണം

പേവിഷ പ്രതിരോധ വാക്സിന്‍ നിര്‍മാണം, കന്നുകാലികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പാക്കേജ്, മാര്‍ജിന്‍ ഫ്രീ വെറ്ററിനറി മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ കാലിതീറ്റ ഉത്പാദനത്തിന് വിപുലമായ പദ്ധതി, ഡയറി സോണുകളുടെ രൂപീകരണം തുടങ്ങിയവ യാണ് ഈ വിഭാഗത്തില്‍ ഉള്ളത്.

റോഡുകളും പാലങ്ങളും

റോഡുകളുടെ മാനേജ്മെന്റിന് പൊതുമരാമത്ത് വകുപ്പിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ റോഡ് മാപ്പ് രൂപീകരിക്കും. ജിയോ-സ്പേഷ്യല്‍ മാപ്പുകള്‍ ഉള്‍പ്പെടെതുള്ള റോഡ് മെയിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റവും സൃഷ്ടിക്കും. റോഡുകള്‍ക്ക് മൈക്രോ സര്‍ഫസിംഗ്, കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം എന്നിവ പരിഗണിക്കും

ഗതാഗതം

ഗതാഗതമേഖലയുടെ നവീകരണത്തിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും മാനേജ്മെന്റിനുമായി ‘ടെക്നിക്കല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്’ സ്ഥാപിക്കും. കേരളമാകെ ഗ്രീന്‍ ബസ് കോറിഡോറുകളും സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here