പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ തൊഴില്‍ ഉറപ്പുവരുത്താന്‍ മന്ത്രി എ കെ ബാലന്‍ യുഎഇയിലെത്തി

പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗള്‍ഫിലൊരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടുതല്‍ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന ശമ്പളത്തില്‍ ഗള്‍ഫിലൊരു ജോലി എന്ന സ്വപ്നത്തിന് ചിറക് നല്‍കാനായിയാണ് മന്ത്രി നേരിട്ട് യുഎഇയിലെത്തിയത്.

സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തൊഴിലിടം കണ്ടെത്തുകയാണ് മന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. വിദേശത്ത് സ്വന്തമായി ജോലി കരസ്ഥമാക്കിയ പട്ടിക വിഭാഗക്കാരായ യുവാക്കളെ സന്ദര്‍ശിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ആരായും.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി, ആരോഗ്യരംഗം, ഫിനാന്‍സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യതകളും മന്ത്രി ഈ യാത്രയ്ക്കിടെ തേടുന്നു. ഇതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരായ തൊഴില്‍ദാതാക്കളുടെ യോഗം തിങ്കളാഴ്ച മന്ത്രി ദുബായിലെ ഗ്രാന്റ് മില്യണ്‍ ഹോട്ടലില്‍ വിളിച്ചുചേര്‍ത്തു. നൂറോളം സംരംഭകരാണ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിയോടൊപ്പം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ ഐഎഎസും യോഗത്തിനെത്തിയിരുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോടൊപ്പം സംരംഭകര്‍ ഉദ്യോഗാര്‍ത്ഥികളില്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചറിയുകയും ആ തരത്തിലുള്ള കോഴ്സുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ രൂപം നല്‍കി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയും കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ചര്‍ച്ചയ്ക്കിടെ ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന് വരുന്ന ചെലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴില്‍ കണ്ടെത്താനുള്ള സഹായം നല്‍കുന്ന പദ്ധതിയും മുഖേനെ വിവിധ തൊഴിലുകള്‍ക്കായി 2358 യുവാക്കള്‍ക്കാണ് പരിശീലനം നല്‍കിയെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു .

നിലവില്‍ 234 ഉദ്യോഗാര്‍ത്ഥികള്‍ വിദേശത്ത് ഈ പദ്ധതി മുഖേനെ ജോലി നേടി കഴിഞ്ഞുവെന്നും 1300 യുവാക്കള്‍ക്ക് തൊഴില്‍ ഉടനെ ലഭ്യമാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു

ഓയില്‍ ആന്റ് റിഗ് മേഖലയില്‍ 182 പേര്‍ക്ക് ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ നേടിയതും ഈ മേഖലയിലാണ്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ 37 പേര്‍ക്കും ജോലി ലഭിച്ചു.

ഈ മാസം 17ന് അബുദാബി ഗ്രാന്റ് മില്യണ്‍ ഹോട്ടലില്‍ വെച്ച് മന്ത്രി സംരംഭകരുടെ മറ്റൊരു യോഗവും വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കള്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അലി അസ്ഗര്‍ പാഷയുമായി ബന്ധപ്പെടാവുന്നതാണ്

ഫോണ്‍ നമ്പര്‍:
+971 52 114 0713

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News