കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാന മന്ദിരം പ്രവര്‍ത്തന സജ്ജമായി

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാന മന്ദിരം പ്രവര്‍ത്തന സജ്ജമായി. കൊച്ചി പുല്ലേപ്പടിയില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്‍ മധു നിര്‍വ്വഹിച്ചു. മമ്മൂട്ടി, മോഹന്‍ ലാല്‍ ഉള്‍പ്പടെ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യകാല നിര്‍മ്മാതാക്കളെ ചടങ്ങില്‍ ആദരിച്ചു.

നിര്‍മ്മാതാക്കളുടെ ദീര്‍ഘകാല ആഗ്രഹമാണ് കൊച്ചിയില്‍ യാഥാര്‍ത്ഥ്യമായത്. പുല്ലേപ്പടി അരങ്ങത്ത് റോഡില്‍ നിര്‍മ്മിച്ച 5 നില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്‍ മധു നിര്‍വ്വഹിച്ചു. ഒന്നാം നിലയിലെ അസോസിയേഷന്‍ ഓഫീസ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. തന്നെ ഉദ്ഘാടകനായി ക്ഷണിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നറിയിച്ച മധു നിര്‍മ്മാതാക്കളുടെ സംഘടനക്ക് ആശംസകള്‍ നേര്‍ന്നു.

സിനിമയുടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിക്കുന്നത് പ്രൊഡ്യൂസര്‍മാരാണെന്നും അസോസിയേഷന് താന്‍ അംഗമായ അമ്മ സംഘടനയുടെ പിന്തുണയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയുടെ നട്ടെല്ലാണ് നിര്‍മ്മാതാക്കള്‍ എന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാലിന്റെ കമന്റ്. നിര്‍മ്മാതാവുകൂടിയായിരുന്ന മധു ഉള്‍പ്പടെ ആദ്യകാല നിര്‍മ്മാതാക്കളെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ ആദരിച്ചു.

10 കോടിയോളം രൂപ ചെലവിട്ടാണ് 14000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്.ഗസ്റ്റ് ഹൗസ്,പ്രിവ്യു തിയ്യറ്റര്‍,കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് മന്ദിരം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here