ഒരു പതിറ്റാണ്ടിന്റെ നരകജീവിതത്തില്‍നിന്ന് ശാസ്താംകോട്ടയുടെ കരിവീരൻ നീലകണ്ഠന് മോചനം

ഒരു പതിറ്റാണ്ടായി അനുഭവിച്ച നരകജീവിതത്തില്‍നിന്ന് ശാസ്താംകോട്ടയുടെ കരിവീരൻ നീലകണ്ഠന് മോചനം ലഭിച്ചു. ചങ്ങലയില്‍ തളയ്ക്കപ്പെട്ട്,പാപ്പാന്മാരുടെ കൊടിയ മര്‍ദനത്തിരയായ കൊമ്പനെ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കോട്ടൂര്‍ വന്യജീവി പരിപാലനകേന്ദ്രത്തിലേക്ക് മാറ്റിയത്.

ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തില്‍ വിദേശ മലയാളി വര്‍ഷങ്ങള്‍ക്കു മുമ്പ് നടയ്ക്കിരുത്തിയ നീലകണ്ഠന്റെ കാലുകളിലെ വ്രണം ഗുരുതരമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊമ്പന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞ ക്ഷേത്രത്തിലെ ഭക്തജനങ്ങളും ആനപ്രേമികളുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ആനയുടെ സംരക്ഷണവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശവും നല്‍കി. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആനയെ പരിശോധിച്ചിരുന്നു. ചങ്ങലയില്‍നിന്ന് മോചിപ്പിച്ച് ആനയെ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കണം എന്നതായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന നിര്‍ദേശം.

മുന്‍കാലില്‍ നീരുവന്ന് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ആന. ബന്ധപ്പെട്ടവരുടെ അശ്രദ്ധയ്‌ക്കെതിരെ ഭക്തജനങ്ങളും ആനപ്രേമികളും രംഗത്തെത്തിയതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ ആനയെ സന്ദര്‍ശിച്ച് ദുരിതാവസ്ഥ മനസിലാക്കി. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. തിങ്കളാഴ്ച പ്രത്യേകം സജ്ജീകരിച്ച ലോറിയില്‍ പകല്‍ 3.30ന് ആനയെ കൊണ്ടുപോയി. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചാല്‍ ആനയെ തിരികെ എത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വര്‍ഷങ്ങളായി നീലകണ്ഠന്‍ നീരുകെട്ടിയ കാലുമായി ഒരേ നിൽപ്പായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News