നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ക്രൈം ബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. അതിനിടെ, രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ജുഡീഷ്യല്‍ കമ്മീഷന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ നടപടി ആരംഭിച്ചു.

രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന്, നാല് പ്രതികളായ നിയാസ്, സജീവ് ആന്റണി എന്നിവരില്‍ നിന്നാണ് െൈക്ര ബ്രാഞ്ച് തെളിവെടുക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വണ്ടിപ്പെരിയാര്‍, ഏലപ്പാറ, തേര്‍ഡ് ക്യാമ്പ്, തൂക്കുപാലം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് വിവരം. എസ് ഐ കെഎ സാബുവിനെ നേരത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

കേസില്‍ ഇതുവരെ നാല് പൊലീസുകാരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും തുടരുകയാണ്. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതിക്കായി കമ്മീഷന്‍ സര്‍ക്കാരിനെ സമീപിച്ചു. അനുമതി ലഭിക്കുന്ന മുറക്ക് ഫോറന്‍സിക് വിദഗ്ധരടങ്ങിയ ഡോക്്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം.

തെളിവെടുപ്പിനായി കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തിനകം പീരുമേട് സബ് ജയിലും താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ച് കമ്മീഷന്‍ തെളിവെടുക്കും. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഐജി തങ്കയ്യ, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News