ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഡെമോക്രാറ്റിക‌് പാർടി അംഗങ്ങളായ അലക‌്സാൻഡ്രിയ ഒകേസിയോകോർടെസ‌്, റാഷിദ ത‌്‌ലൈബ‌്, അയാന പ്രസ‌്‌ലി, ഇൽഹാൻ ഒമർ എന്നിവർക്കെതിരെയുള്ള ട്രംപ‌ിന്റെ ട്വീറ്റാണ‌് വിവാദമായത‌്. തന്നെയും രാജ്യത്തെയും വിമർശിക്കുന്നുവെന്ന പേരിലാണ‌് നാലുപേർക്കുമെതിരെ ട്രംപ‌് ആഞ്ഞടിച്ചത‌്.

‘ഈ സ‌്ത്രീകൾ തകർന്നടിഞ്ഞ ഭരണമുള്ള രാജ്യങ്ങളിൽനിന്ന‌് വന്നവരാണ‌്. അവരാണിപ്പോൾ ലോകത്തെ ഏറ്റവും ശക്തമായ രാജ്യം എങ്ങനെ ഭരിക്കണമെന്ന‌് പഠിപ്പിക്കുന്നത‌്. അവരുടെ രാജ്യങ്ങളിൽ ഏറെ പണിചെയ്യാനുണ്ട‌്. അങ്ങോട്ടുപോകുന്നതാണ‌് നല്ലത‌്’– ട്രംപ‌് അധിക്ഷേപിച്ചു. ഇവർക്ക‌് രാജ്യംവിട്ടുപോകാൻ സൗജന്യയാത്ര ഒരുക്കാൻ സ‌്പീക്കർ നാൻസി പെലോസിക്ക‌് സന്തോഷമായിരിക്കുമെന്നും ട്രംപ‌് പറഞ്ഞു.

കുടിയേറ്റവിരുദ്ധനയത്തിന്റെ ഭാഗമായി അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള ഫണ്ടിങ്ങിനെ സഭയിലെ പുതുമുഖങ്ങളായ നാലുപേരും ശക്തമായി എതിർത്ത‌താണ‌് ട്രംപിനെ ചൊടിപ്പിച്ചത‌്. ഫണ്ടിങ്ങിനെ പിന്തുണച്ച സ‌്പീക്കറുമായും ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, ട്രംപിന്റെ ട്വീറ്റിനെതിരെ സ‌്പീക്കറും രംഗത്തെത്തി. അമേരിക്കയെ വീണ്ടും വെള്ളക്കാരുടെ രാജ്യമാക്കാനാണ‌് ട്രംപിന്റെ ശ്രമമെന്ന‌് നാൻസി പെലോസി പറഞ്ഞു.

ഡെമോക്രാറ്റിക‌് പാർടിയുടെ നേതൃത്വത്തിൽ ട്രംപിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോൾ പ്രതികരിക്കാനാകാതെ പ്രതിസന്ധിയിലാണ‌് റിപ്പബ്ലിക്കന്മാർ. വർണവെറിയനാണ‌് പ്രസിഡന്റെന്ന‌് അധിക്ഷേപത്തിനിരയായ യുഎസ‌് കോൺഗ്രസ‌് അംഗങ്ങൾ പ്രതികരിച്ചു. ട്രംപിനെ ഇംപീച്ച‌് ചെയ്യണമെന്ന‌് മിഷിഗണിൽനിന്നുള്ള അംഗമായ റായിദ‌് ത‌്‌ലൈബ‌് ആവശ്യപ്പെട്ടു. ട്രംപിന്റെ അപകടകരമായ ആശയങ്ങളാണ‌് അമേരിക്കയുടെ പ്രതിസന്ധിയെന്നും അവർ പറഞ്ഞു. ഇതാണ‌് വംശീയതയെന്നും തങ്ങളാണ‌് ജനാധിപത്യമെന്നും ട്രംപിന്റെ ട്വീറ്റ‌് എടുത്തുകാട്ടി പ്രസ‌്‌ലി പ്രതികരിച്ചു.

ട്രംപിനെതിരെ മറ്റ‌് രാജ്യങ്ങളിലും പ്രതിഷേധമുയർന്നു. തീർത്തും അസ്വീകാര്യമായ പ്രസ്താവനയാണ‌് ട്രംപിന്റേതെന്ന‌് ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേയ‌് പ്രതികരിച്ചു. അറപ്പുളവാക്കുന്ന പ്രസ‌്താവനയാണിതെന്ന‌് റിപ്പബ്ലിക്കൻ പാർടിയിൽനിന്ന‌് രാജിവച്ച ജസ്റ്റിൻ അമാഷ‌് പറഞ്ഞു.