കെട്ടിക്കിടക്കുന്ന പെര്‍മിറ്റ്, ഒക്യുപന്‍സി അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കൊച്ചി കോര്‍പ്പറേഷനിലെ കെട്ടിക്കിടക്കുന്ന പെര്‍മിറ്റ്, ഒക്യുപെന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട് വെക്കാനുള്ള അനുമതിക്ക് പ്രയാസങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചത്.

നിരവധി പരാതികളാണ് അദാലത്തിന് മുന്‍പില്‍ എത്തിയത്. പാര്‍പ്പിടം മുതല്‍ ഉപജീവന മാര്‍ഗം ഉള്‍പ്പടെ നിയമത്തില്‍ കുരുങ്ങി കിടക്കുകയാണെന്ന് പരാതിക്കാര്‍ പറഞ്ഞു. നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ് എന്ന് ഉദ്യോഗസ്ഥര്‍ ആലോചിക്കണമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. പെര്‍മിറ്റിന് അപേക്ഷിക്കാനെത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് സംഘടിപ്പിക്കാനുള്ള തീരുമാനം കൊച്ചി കോര്‍പ്പറേഷനിലാണ് ആദ്യമായി നടപ്പാക്കുന്നത്. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് അപേക്ഷ പരിഗണിക്കാന്‍ കഴിയാതിരുന്ന മൂന്ന് പേരുടെ അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി.